ന്യൂഡല്‍ഹി: ലൈംഗിക പീഡന കേസുകളില്‍ പ്രതിയായ ജെഡിഎസ് നേതാവ് പ്രജ്വല്‍ രേവണ്ണ മൂന്നാംഘട്ട വോട്ടെടുപ്പിന് ശേഷം കീഴടങ്ങുമെന്ന് സൂചന. പ്രജ്വല്‍ ഇപ്പോള്‍ യുഎഇയില്‍ ഉണ്ടെന്നാണ് സൂചന. മുന്‍കൂര്‍ ജാമ്യഹര്‍ജി കോടതി തള്ളിയതോടെ ഇന്ത്യയില്‍ എത്തിയാലുടനെ പ്രജ്വല്‍ അറസ്റ്റിലാകും.
പ്രജ്വല്‍ കീഴടങ്ങി നിയമനടപടിക്കു വിധേയനാകണമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ എച്ച്.ഡി കുമാര സ്വാമിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജെഡിഎസ് യോഗം ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഇയാളുടെ മടക്കം.
അതിനിടെ പ്രജ്വലിനെ കണ്ടെത്താന്‍ ബ്ലൂ കോര്‍ണര്‍ നോട്ടിസ് പുറത്തിറക്കുന്നതിനായി പ്രത്യേക അന്വേഷണ സംഘം ഇന്റര്‍പോളിനെ സമീപിച്ചതായി കര്‍ണാടക ആഭ്യന്തര മന്ത്രി ജി.പരമേശ്വര അറിയിച്ചു.
പ്രജ്വലിന്റെ പീഡനത്തിനിരയായ അതിജീവിതയെ തട്ടിക്കൊണ്ടുപോയെന്ന കേസിലാണ് പിതാവ് എച്ച്.ഡി രേവണ്ണയെ അറസ്റ്റ് ചെയ്തത്. അതിജീവിതയെ രേവണ്ണയുടെ അനുയായി രാജശേഖറിന്റെ ഹുന്‍സൂരിലെ ഫാം ഹൗസില്‍ നിന്ന് പൊലീസ് മോചിപ്പിച്ചു. ഫാമിലെ സഹായിയെയും കസ്റ്റഡിയിലെടുത്തു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി.
നേരത്തെ രേവണ്ണയുടെ സഹായിയായ സതീഷ് ബാബണ്ണയെ അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ രേവണ്ണയുടെ ഭാര്യ ഭവാനി രേവണ്ണയെയും ചോദ്യം ചെയ്‌തേക്കും. അതേസമയം, പ്രജ്വല്‍ രേവണ്ണയുടെ ലൈംഗികാതിക്രമത്തിന് ഇരയായവര്‍ക്ക് ധനസഹായം നല്‍കുമെന്ന് കര്‍ണാടക സര്‍ക്കാര്‍ പ്രഖ്യാപിച്ചു.