ജറുസലേം: ചരിത്രത്തില്‍ ആദ്യമായി അറബ് ക്രിസ്ത്യന്‍ വനിത ഇസ്രയേല്‍ സര്‍വകലാശാലയുടെ റെക്ടറായി തെരഞ്ഞെടുക്കപ്പെട്ടു. പ്രൊഫ. മൗന മറൂണാണ് യൂണിവേഴ്‌സിറ്റി ഓഫ് ഹൈഫയുടെ റെക്ടറായി തെരഞ്ഞെടുക്കപ്പെട്ടത്. ഹൈഫ സര്‍വകലാശാലയില്‍ ഇതിന് മുന്‍പ് മറ്റൊരു അറബ് വംശജരായ, ക്രിസ്ത്യാനിയോ സ്ത്രീയോ റെക്ടര്‍ സ്ഥാനം വഹിച്ചിട്ടില്ല. ഇസ്രയേലിലെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ റെക്ടറാണ് സര്‍വകലാശാലയുടെ തലവന്‍.
ലോകമെമ്പാടുമുള്ള സര്‍വകലാശാലകളില്‍ ഇസ്രയേല്‍ വിരുദ്ധ പ്രതിഷേധങ്ങള്‍ ഉയരുന്നതിനിടെയാണ് മൗന മറൂണിന്റെ നിയമനം എന്നത് ശ്രദ്ധേയാണ്.
ഇസ്രയേല്‍ അക്കാദമിയില്‍ എല്ലാം സാധ്യമാണ് എന്നതിന്റെ സന്ദേശമാണ് തന്നെ തെരഞ്ഞെടുത്തിരിക്കുന്നതിലൂടെ വ്യക്തമായിരിക്കുന്നതെന്ന് മൗന പറഞ്ഞു. ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ക്കുള്ള സന്ദേശമാണിതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഇസ്രയേലിലെ അറബികള്‍ക്കിടയിലുള്ള ക്രിസ്ത്യന്‍ ന്യൂനപക്ഷത്തിലെ മാരോനൈറ്റ് സമൂഹത്തിലെ അംഗമാണ് പ്രൊഫ. മൗന മറൂണ്‍.
മറൂണ്‍ ജനിച്ച ഇസ്ഫിയ എന്ന ഗ്രാമത്തില്‍ നിന്ന് ഏകദേശം ആറ് മൈല്‍ അകലെ കാര്‍മല്‍ പര്‍വതത്തിലാണ് ഹൈഫ സര്‍വകലാശാല സ്ഥിതി ചെയ്യുന്നത്. 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ലെബനോനില്‍ നിന്ന് ഇവിടെയെത്തിയവരാണ് മറൂണിന്റെ കുടുംബം. അക്കാലത്ത് സ്‌കൂളുകള്‍ ഇല്ലായിരുന്നു. ഉന്നത വിദ്യാഭ്യാസത്തിലൂടെ മാത്രമേ തങ്ങളുടെ നാല് പെണ്‍മക്കളെ ഇസ്രയേലി സമൂഹത്തില്‍ സമന്വയിപ്പിക്കാന്‍ കഴിയൂവെന്ന് അവര്‍ വിശ്വസിച്ചിരുന്നു. അങ്ങനെയാണ് പഠനം തുടരാന്‍ അവര്‍ എന്നെ പ്രോത്സാഹിപ്പിച്ചതെന്ന് മൗന പറഞ്ഞു. പള്ളികളുമായി ബന്ധപ്പെട്ടതായിരുന്നു തന്റെ കുട്ടിക്കാലമെന്നും അവര്‍ ഓര്‍ത്തെടുത്തു.
ഇസ്രയേലിലെ ഏറ്റവും വൈവിധ്യമാര്‍ന്നതും ഉള്‍ക്കൊള്ളുന്നതുമായ സര്‍വകലാശാലകളിലൊന്നാണ് ഹൈഫ സര്‍വകലാശാല. 17,000 വിദ്യാര്‍ത്ഥികളില്‍ 45 ശതമാനം അറബ് സമൂഹത്തില്‍ നിന്നുള്ളവരാണ്.