ന്യൂഡല്‍ഹി: ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ ബന്ധമുള്ള ചരക്ക് കപ്പലിലെ അഞ്ച് ഇന്ത്യക്കാരെ കൂടി മോചിപ്പിച്ചു. കപ്പല്‍ ജീവനക്കാരായ ഇവര്‍ നാട്ടിലേക്ക് പുറപ്പെട്ടതായി ഇറാനിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. കപ്പലിലുള്ള മുഴുവന്‍ ഇന്ത്യക്കാരെയും മോചിപ്പിക്കാനുള്ള ശ്രമം നയതന്ത്രതലത്തില്‍ തുടരുകയാണ്.
ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തെ തുടര്‍ന്ന് കഴിഞ്ഞ മാസം 13 നാണ് ഹോര്‍മുര്‍ കടലിടുക്കില്‍ വച്ച് എം.എസ്.സി ഏരീസ് എന്ന ഇസ്രയേല്‍ ബന്ധമുള്ള ചരക്കുകപ്പല്‍ ഇറാന്‍ പിടിച്ചെടുത്തത്. മലയാളി വനിത ഉള്‍പ്പെടെ 25 ജീവനക്കാര്‍ കപ്പലിലുണ്ടായിരുന്നു. ഇതില്‍ നാല് മലയാളികളടക്കം 17 പേര്‍ ഇന്ത്യക്കാരാണ്. ഇതില്‍ മലയാളിയായ ആന്‍ ടെസ ജോസഫിനെ വിട്ടയച്ചിരുന്നു.
ബാക്കിയുള്ളവരുടെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയായിരുന്നു. ഇതിനിടയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ മുഴുവന്‍ ജീവനക്കാരെയും മോചിപ്പിച്ചതായ വാര്‍ത്തയും പുറത്തുവന്നിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണം വന്നിരുന്നില്ല. ഇതിനിടെയാണ് അഞ്ച് ജീവനക്കാരെ കൂടി മോചിപ്പിച്ച വാര്‍ത്ത പുറത്ത് വരുന്നത്.