ന്യൂഡല്‍ഹി: ഇന്ത്യ മുന്നണിയിലെ നേതാക്കള്‍ക്കയച്ച കത്തിനെ വിമര്‍ശിച്ച തിരഞ്ഞെടുപ്പ് കമ്മീഷന് മറുപടിയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ.
മറ്റ് പരാതികള്‍ക്കൊന്നും പ്രതികരിക്കാത്ത കമ്മീഷന്‍ ഒരു തുറന്ന കത്തിന് മറുപടിയുമായി എത്തിയത് ആശ്ചര്യപ്പെടുത്തുന്നുവെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് അയച്ച കത്തില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് പറഞ്ഞു.
നിങ്ങളനുഭവിക്കുന്ന സമ്മര്‍ദം മനസിലാവും. ചോദിക്കാനുള്ള അവകാശത്തെ ബഹുമാനിക്കുന്നുവെന്ന് പറയുന്ന കമ്മീഷന്‍, മറുവശത്ത് ജാഗ്രത പാലിക്കണമെന്ന ഉപദേശ രൂപത്തില്‍ പൗരന്മാരെ ഭീഷണിപ്പെടുത്തുന്നു.
ഭരണഘടനയനുസരിച്ച് സുഗമവും സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടത്താന്‍ അധികാരമുണ്ടെന്ന് കമ്മീഷന്‍ മനസിലാക്കുന്നതില്‍ സന്തോഷമുണ്ട്. എന്നാല്‍ തിരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കും വിധം ഭരണകക്ഷി നേതാക്കള്‍ നടത്തുന്ന നഗ്‌നമായ വര്‍ഗീയ പ്രസ്താവനകള്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ കമ്മീഷന്‍ കാണിക്കുന്ന താല്‍പര്യക്കുറവ് ദുരൂഹമായി തുടരുന്നുവെന്നും കത്തില്‍ കുറ്റപ്പെടുത്തുന്നു.
തിരഞ്ഞെടുപ്പ് വേളയില്‍ തെറ്റായ രാഷ്ട്രീയ ആഖ്യാനത്തിനാണ് ഖാര്‍ഗെ ശ്രമിച്ചതെന്നും ഇത്തരം ആരോപണങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കണമെന്നും കമ്മീഷന്‍ ഖാര്‍ഗെയ്ക്കയച്ച കത്തില്‍ ആവശ്യപ്പെട്ടിരുന്നു.
ആദ്യ ഘട്ടത്തിലെയും രണ്ടാം ഘട്ടത്തിലെയും അന്തിമ വോട്ടിങ് ശതമാനം വൈകുന്നതില്‍ ഖാര്‍ഗെ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ കമ്മീഷനെതിരേ രൂക്ഷവിമര്‍ശനമുന്നയിച്ചിരുന്നു.
ഇതുമായി ബന്ധപ്പെട്ട് ഖാര്‍ഗെ ഇന്ത്യ മുന്നണി നേതാക്കള്‍ക്കയച്ച കത്തില്‍ ചരിത്രത്തിലെ ഏറ്റവും മോശമായ അവസ്ഥയിലാണ് കമ്മീഷനെന്ന് വിമര്‍ശിച്ചിരുന്നു. വോട്ടിങ് ശതമാനത്തിലുള്ള വ്യത്യാസം ക്രമക്കേടിന് കാരണമാകുമെന്നും ഖാര്‍ഗെ ചൂണ്ടിക്കാട്ടി.
ഇതിനെതിരേയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സീനിയര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഖാര്‍ഗെയ്ക്ക് കത്തയച്ചത്. തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ വിശ്വാസ്യത ഉയര്‍ത്തിപ്പിടിക്കാന്‍ ഇത്തരം പരാമര്‍ശങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് കത്തില്‍ അദേഹം ആവശ്യപ്പെട്ടു.