ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ നാലാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ പശ്ചിമ ബംഗാളിലും ആന്ധ്രപ്രദേശിലും അക്രമ സംഭവങ്ങള്‍.
പശ്ചിമ ബംഗാളില്‍ ഛപ്രയിലെയും കൃഷ്ണ നഗറിലെയും ബൂത്തുകളില്‍ സി.പി.എം-തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. ദുര്‍ഗാപൂരില്‍ വോട്ടെടുപ്പ് നടക്കുന്നതിനിടെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തകരും തമ്മിലും സംഘര്‍ഷമുണ്ടായി.
ബോള്‍പൂര്‍ മണ്ഡലത്തിലെ ബൂത്തില്‍ അഞ്ജാതന്‍ നടത്തിയ ബോംബാക്രമണത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. മിന്റു ഷെയ്ഖ് എന്ന യുവാവ് കൊല്ലപ്പെട്ടത്. പാര്‍ട്ടി പ്രവര്‍ത്തകന്റെ കൊലപാതകത്തിന് പിന്നില്‍ സിപിഎം ആണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു.
ആന്ധ്രപ്രദേശിലെ ശ്രീകാകുളം ജില്ലയിലെ ഒരു ബൂത്തിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. പോന്തുരു മണ്ഡലത്തിന് കീഴിലുള്ള ഗോകര്‍ണ പള്ളിയാണ് ഇരു വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയത്.
അതിനിടെ ഉത്തര്‍പ്രദേശിലെ ലക്‌നോയില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീന്റെ സാങ്കേതിക തകരാറിനെ തുടര്‍ന്ന് ചില ബൂത്തുകളില്‍ വോട്ടെടുപ്പ് തടസപ്പെട്ടു. ഗംഗാഗഞ്ച്, ബിത്തൂര്‍, കല്യാണ്‍ പൂര്‍ എന്നിവിടങ്ങളിലെ ബൂത്തുകളിലാണ് മെഷീന്‍ തകരാറിലായത്.
കല്യാണ്‍പൂര്‍ നിയമസഭ മണ്ഡലത്തിലെ ബൂത്തിലും വോട്ടിങ് മെഷീന്‍ തകരാറിലായി. മെഷീന്‍ തകരാര്‍ അക്ബര്‍ പൂര്‍ ലോക്‌സഭ മണ്ഡലത്തിലെ സമാജ് വാജി പാര്‍ട്ടി സ്ഥാനാര്‍ഥി രാജാറാം പാല്‍ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് കമീഷന്‍ ഉദ്യോഗസ്ഥര്‍ പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു.
നാലാം ഘട്ടത്തില്‍ 10 സംസ്ഥാനങ്ങളിലെ 96 ലോക്‌സഭ സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. ആന്ധ്രപ്രദേശിലെ ആകെയുള്ള 175 നിയമസഭ സീറ്റുകളിലേക്കും ഒഡിഷയിലെ 28 നിയമസഭ സീറ്റുകളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പും ഇതോടൊപ്പം നടക്കും.