ബെംഗളൂരു: മകൻ പ്രജ്വൽ രേവണ്ണക്കെതിരെയുള്ള ലൈംഗികാരോപണവുമായി ബന്ധപ്പെട്ട തട്ടിക്കൊണ്ടുപോകൽ കേസിൽ കർണാടക എംഎൽഎ എച്ച്.ഡി രേവണ്ണയ്ക്ക് പ്രത്യേക കോടതി ജാമ്യം അനുവദിച്ചു. കർണാടകയിലെ ജെഡി(എസ്) നേതാവും ഹസനിൽ നിന്നുള്ള എംപിയുമായ പ്രജ്വൽ രേവണ്ണയ്‌ക്കെതിരായ ലൈംഗികാതിക്രമ കേസിലെ പരാതിക്കാരിയെ തട്ടിക്കൊണ്ടുപോയെന്ന കേസിലാണ് പ്രജ്വലിന്റെ പിതാവും ഹോളനർസിപുര എംഎൽഎയുമായ എച്ച്.ഡി രേവണ്ണയ്ക്ക് ജാമ്യം അനുവദിച്ചത്.
കർണാടകയിലെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾക്കായുള്ള പ്രത്യേക കോടതിയാണ് രേവണ്ണയ്ക്ക് തിങ്കളാഴ്ച ജാമ്യം അനുവദിച്ചത്. അഞ്ച് ലക്ഷം രൂപ കെട്ടിവയ്പ്പിച്ചാണ് ജാമ്യം അനുവദിച്ചത്. കേസിലെ പരാതിക്കാരി തന്നെ ആരും തട്ടിക്കൊണ്ടു പോയിട്ടില്ലെന്ന് മൊഴി മാറ്റിപ്പറഞ്ഞിരുന്നു. തട്ടിക്കൊണ്ടുപോകൽ കേസിലെ മുൻകൂർ ജാമ്യാപേക്ഷ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾക്കായുള്ള പ്രത്യേക കോടതി തള്ളിയതിനെത്തുടർന്ന് മെയ് നാലിന് എച്ച്.ഡി രേവണ്ണയെ അറസ്റ്റ് ചെയ്തിരുന്നു.
എച്ച്.ഡി. രേവണ്ണയുടെ നിർദ്ദേശപ്രകാരം തട്ടിക്കൊണ്ടുപോയെന്ന് പറയപ്പെടുന്ന യുവതി നിലവിൽ ഒളിവിലുള്ള പ്രജ്വൽ രേവണ്ണയുടെ ലൈംഗികാതിക്രമത്തിന് ഇരയായിരുന്നുവെന്ന് കർണാടക സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം പ്രത്യേക കോടതിയെ അറിയിച്ചു.
പ്രതിയുടെ വീട്ടിൽ ആറ് വർഷത്തോളം ജോലി ചെയ്തിരുന്ന പരാതിക്കാരിയെ ഏപ്രിൽ 2 9ന് എംഎൽഎയുടെ നിർദേശപ്രകാരം അദ്ദേഹത്തിന്റെ കൂട്ടാളികൾ വീട്ടിൽ നിന്ന് ബലമായി കൂട്ടിക്കൊണ്ടു പോയിരുന്നതായി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ വാദിച്ചു. ഇരയെ പിന്നീട് മെയ് അഞ്ചിന് അവരുടെ വസതിയിൽ നിന്ന് 40 കിലോമീറ്റർ അകലെയുള്ള എച്ച്.ഡി. രേവണ്ണയുടെ ഒരു കൂട്ടാളിയുടെ ഫാമിൽ കണ്ടെത്തിയിരുന്നു.