മുംബൈ: മുംബൈ ഘാട്ട്‌കോപ്പറില്‍ പൊടിക്കാറ്റിലും മഴയിലും പരസ്യ ബോര്‍ഡ് തകര്‍ന്ന് വീണുണ്ടായ അപകടത്തില്‍ മരണം 14 ആയി. 43 പേര്‍ ചികിത്സയില്‍ തുടരുന്നതായും ഒരാളുടെ നില ഗുരുതരമാണെന്നും അധികൃതര്‍ അറിയിച്ചു. അപകടത്തിനിടയാക്കിയ കൂറ്റന്‍ പരസ്യ ബോര്‍ഡ് അനധികൃതമായി സ്ഥാപിച്ചതെന്നാണ് കണ്ടെത്തല്‍.
സംഭവത്തില്‍ പരസ്യ കമ്പനി ഉടമകള്‍ക്കെതിരെ പന്ത് നഗര്‍ പൊലീസ് കേസെടുത്തു. മനപൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് കേസ് എടുത്തത്. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടന്ന 65 പേരെ ദുരന്ത നിവാരണ സേനയും പൊലീസും ചേര്‍ന്നാണ് പുറത്തെത്തിച്ചത്.
സംഭവത്തില്‍ ഉന്നത തല അന്വേഷണം പ്രഖ്യാപിച്ച സര്‍ക്കാര്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം മുംബൈയില്‍ ഇന്നും ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.