പത്തനംതിട്ട: അടൂരില്‍ ഏഴു വയസുകാരന് പിതാവിന്റെ ക്രൂരപീഡനം. വയറും പാദങ്ങളും പിതാവ് ചട്ടുകം വെച്ച് പൊള്ളിച്ചു. മദ്യലഹരിയിലായിരുന്നു ഇയാള്‍ മകനോട് ക്രൂരത കാട്ടിയത്. സംഭവത്തില്‍ പള്ളിക്കല്‍ കൊച്ചുതുണ്ടില്‍ ശ്രീകുമാറിനെ അടൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.
കുട്ടിയുടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊള്ളലുണ്ട്. മദ്യ ലഹരിയില്‍ എത്തിയാണ് കുട്ടിയുടെ അച്ഛന്‍ ക്രൂര പീഡനം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. കുട്ടിയുടെ അമ്മ വിവരം അയല്‍വാസികളോട് പറയുകയും തുടര്‍ന്ന് പഞ്ചായത്തംഗം വഴി ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയെയും പൊലീസിനെയും അറിയിക്കുകയായിരുന്നു.
ശ്രീകുമാര്‍ ഇതിന് മുൻപും കുട്ടിയെ ഉപദ്രവിച്ചിട്ടുണ്ടെന്നാണ് വിവരം. കുട്ടിയെ അടൂര്‍ ചൈല്‍ഡ് ഹോമിലേക്ക് മാറ്റിയിരിക്കുകയാണ്.