ആവേശഭരിതരായ ജനക്കൂട്ടം ബാരിക്കേഡുകള്‍ തകര്‍ത്ത് തള്ളിക്കയറി; പ്രസംഗിക്കാനാവാതെ വേദി വിട്ട് രാഹുലും അഖിലേഷും

ആവേശഭരിതരായ ജനക്കൂട്ടം ബാരിക്കേഡുകള്‍ തകര്‍ത്ത് തള്ളിക്കയറി; പ്രസംഗിക്കാനാവാതെ വേദി വിട്ട് രാഹുലും അഖിലേഷും

പ്രയാഗ് രാജ്: തിരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗത്തിനിടെ ബാരിക്കേഡുകള്‍ തകര്‍ത്ത് ജനം വേദിയിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് പരിപാടിയില്‍ പ്രസംഗിക്കാനാവാതെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവും മടങ്ങി.

പ്രയാഗ് രാജിലെ ഫുല്‍പൂര്‍ ലോക്‌സഭ മണ്ഡലത്തില്‍ ഉള്‍പ്പെട്ട പടിലയിലായിരുന്നു സംഭവം. ജനത്തിരക്കില്‍ സുരക്ഷാ ബാരിക്കേഡുകളും മൈക്കും ഉച്ച ഭാഷിണികളും തകര്‍ന്നതോടെയാണ് ഇരുവരും മടങ്ങിയത്.

ആവേശഭരിതരായ കോണ്‍ഗ്രസ്-സമാജ്‌വാദി പാര്‍ട്ടി പ്രവര്‍ത്തകര്‍ നേതാക്കളെ കാണാന്‍ ഒഴുകിയെത്തിയതോടെ തിരക്ക് നിയന്ത്രിക്കാന്‍ പൊലീസ് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇരു നേതാക്കളും ജനങ്ങളോട് ശാന്തരാകാന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ല.

രണ്ട് ലക്ഷം പേരെ ഉള്‍ക്കൊള്ളാവുന്ന മൈതാനത്ത് മൂന്ന് ലക്ഷത്തിലധികം പേര്‍ എത്തിയിരുന്നു. രാഹുല്‍ ഗാന്ധിയും അഖിലേഷ് യാദവും 20 മിനിറ്റോളം വേദിയില്‍ ഇരുന്ന ശേഷമാണ് മടങ്ങിയത്.

സുരക്ഷ ഭീഷണി ഉയര്‍ന്നതോടെയാണ് ഇരുവരും ചര്‍ച്ച ചെയ്ത് പ്രസംഗിക്കും മുമ്പ് വേദി വിട്ടത്. ശേഷം അലഹബാദ് മണ്ഡലത്തിലെ മുന്‍ഗരിയിലെ പൊതുപരിപാടിക്ക് ഇരുവരും എത്തിയപ്പോഴും ജനക്കൂട്ടം തള്ളിക്കയറി.

നാളെയാണ് ലോക്‌സഭയിലേക്കുള്ള അഞ്ചാംഘട്ട വോട്ടെടുപ്പ്. രാഹുല്‍ ഗാന്ധി, രാജ്‌നാഥ് സിങ്, സ്മൃതി ഇറാനി തുടങ്ങിയ പ്രമുഖര്‍ ഈ ഘട്ടത്തില്‍ ജനവിധി തേടുന്നുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.