ഇംഫാല്‍: മണിപ്പൂരിലെ കുക്കി നാഷണല്‍ ഫ്രണ്ടിനെതിരെ സംസ്ഥാന ഭൂവിഭവ വകുപ്പ് നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തു.
ഭൂവിഭവ വകുപ്പിലെ അണ്ടര്‍ സെക്രട്ടറി മംഗോള്‍ ജാവോ കമേയി ആണ് പരാതി നല്‍കിയത്. താങ്ജിങ് എന്ന സ്ഥല നാമത്തിന് പകരം താന്റിങ് എന്ന പേര് ചേര്‍ത്ത് 'കുക്കി നാഷണല്‍ ഫ്രണ്ട് മിലിറ്ററി കൗണ്‍സില്‍' എന്നെഴുതിയ ഗേറ്റ് സ്ഥാപിച്ചതിനാണ് കേസ്.
മണിപ്പൂര്‍ സ്ഥലനാമ നിയമത്തിന്റെ ലംഘനമാണിതെന്ന് പരാതിയില്‍ പറയുന്നു. ചരിത്ര പ്രാധാന്യമുള്ള കുന്നായ താങ്ജിങിനെ സര്‍ക്കാര്‍ സംരക്ഷിത മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്.
മണിപ്പൂരില്‍ കുക്കി-മെയ്‌തേയ് വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം ശമനമില്ലാതെ തുടരുന്നതിനിടെയാണ് ഭൂവിഭവ വകുപ്പിന്റെ നടപടി. 2023 മെയ് മൂന്നിന് തുടങ്ങിയ കലാപത്തില്‍ 220 ലേറെ പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. 60,000 ത്തിലധികം പേര്‍ ഭവന രഹിതരായി.