ലക്നൗ: വിവാഹച്ചടങ്ങിനിടെ വരന്‍ വധുവിനെ ചുംബിച്ചത് കൂട്ടത്തല്ലില്‍ കലാശിച്ചു. ഉത്തര്‍പ്രദേശിലെ അശോക് നഗറിലാണ് സംഭവം.
വരണമാല്യം ചാര്‍ത്തിയതിന് പിന്നാലെ വരന്‍ വധുവിനൊരു ചുംബനം കൊടുത്തു. ഇതോടെ അസ്വസ്ഥരായ യുവതിയുടെ ബന്ധുക്കള്‍ വരനെയും ബന്ധുക്കളെയും കയ്യേറ്റം ചെയ്യുകയായിരുന്നു.
വടികളും മറ്റുമായി സ്റ്റേജിലേയ്ക്ക് പ്രവേശിച്ച വധുവിന്റെ ബന്ധുക്കള്‍ വരന്റെ കുടുംബാംഗങ്ങളെ തലങ്ങും വിലങ്ങും മര്‍ദ്ദിച്ചു. വരന്റെ ബന്ധുക്കള്‍ തിരിച്ചുമടിച്ചു. അങ്ങനെ കല്യാണ പന്തലില്‍ കൂട്ടയടി. ആക്രമണത്തില്‍ വധുവിന്റെ പിതാവിനുള്‍പ്പെടെ ആറ് പേര്‍ക്ക് പരിക്കേറ്റു.
വധുവിന്റെയും സഹോദരിയുടെയും വിവാഹം ഒരേ സമയത്താണ് നടന്നത്. ആദ്യവിവാഹം പ്രശ്‌നങ്ങളൊന്നുമില്ലാതെ നടന്നപ്പോള്‍ രണ്ടാമത്തേത് അടിക്കല്യാണമായി മാറി.
വരന്‍ യുവതിയെ ബലമായി ചുംബിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ ബന്ധുക്കള്‍ ആരോപിച്ചത്. എന്നാല്‍ യുവതിയുടെ നിര്‍ബന്ധപ്രകാരമാണ് ചുംബിച്ചതെന്നാണ് വരന്‍ പറഞ്ഞത്.
സംഭവത്തിന് പിന്നാലെ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞെത്തിയ പൊലീസ് അക്രമം നടത്തിയതിന് ഏഴ് പേരെ കസ്റ്റഡിയിലെടുത്തു.
സംഭവത്തെ തുടര്‍ന്ന് വിവാഹത്തില്‍ നിന്നും പിന്‍മാറാന്‍ വരനും വധുവും തീരുമാനിച്ചെങ്കിലും പൊലീസിന്റെയും ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ അനുരഞ്ജന ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.