ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിലെ ഇടക്കാല ജാമ്യം ഏഴ് ദിവസത്തേക്ക് കൂടി നീട്ടണമെന്ന് ആവശ്യപ്പെട്ട് അരവിന്ദ് കെജരിവാൾ സുപ്രിം കോടതിയെ സമീപിച്ചു. ഏഴ് ദിവസത്തേക്ക് ജാമ്യം നീട്ടണമെനാണ് ആവശ്യം. ആരോഗ്യപരമായ പ്രശ്നങ്ങളുണ്ടെന്നും പി.ഇ.ടി, സി.ടി സ്‌കാനിനും മറ്റ് പരിശോധനകളും നടത്തണമെന്നുമാവശ്യപ്പെട്ടാണ് ജാമ്യം നീട്ടി ചോദിച്ചത്.
ജൂൺ ഒന്ന് വരെയാണ് നിലവിൽ സുപ്രിം കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. ജൂൺ രണ്ടിന് തിരികെ തിഹാർ ജയിലിലേക്ക് മടങ്ങണം എന്നാണ് കോടതി നിർദേശിച്ചിരുന്നത്. അറസ്റ്റിന് പിന്നാലെ കെജരിവാളിന്റെ ഏഴ് കിലോ തൂക്കം കുറഞ്ഞുവെന്നും ഇത് വീണ്ടെടുക്കാനായില്ലെന്നും ഡൽഹി മന്ത്രിയും എ.എ.പി നേതാവുമായ അതിഷി പറഞ്ഞു.
മാർച്ച് 21 നാണ് കെജരിവാൾ അറസ്റ്റിലാകുന്നത്. ജുഡീഷ്യല്‍, ഇ.ഡി കസ്റ്റഡികളിലായി 50 ദിവസം കഴിഞ്ഞതിന് ശേഷമാണ് ജാമ്യം അനുവദിച്ചത്. ജസ്റ്റിസുമാരായ സഞ്ജീവ്ഖന്ന, ദീപാങ്കർ ദത്ത എന്നിവരടങ്ങുന്ന ബെഞ്ചായിരുന്നു ജാമ്യം അനുവദിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തില്‍ കെജരിവാളിന് ജാമ്യം അനുവദിച്ചതിനെതിരെ ബിജെപി രംഗത്തെത്തിയിരുന്നു. കെജരിവാളിന് കോടതിയുടെ 'പ്രത്യേക ചികിത്സ' എന്നായിരുന്നു തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ബിജെപി വിമര്‍ശനം.