തലശേരി: മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിച്ച് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍ എംപി. 'ചെത്തുകാരന്റെ കുടുംബത്തില്‍ നിന്ന് ഉയര്‍ന്നുവന്ന മുഖ്യമന്ത്രി ഇപ്പോള്‍ സഞ്ചരിക്കാന്‍ ഹെലിക്കോപ്റ്റര്‍ എടുത്തിരിക്കുന്നു' എന്നായിരുന്നു സുധാകരന്റെ പ്രസ്താവന. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ ഭാഗമായി തലശേരിയില്‍ നടത്തിയ പൊതുയോഗത്തിലാണ് കെ സുധാകരന്റെ വിവാദ പരാമര്‍ശം.
'പിണറായി വിജയന്‍ ആരാ.. പിണറായി വിജയന്‍ ആരാണെന്ന് എനിക്കും നിങ്ങള്‍ക്കും അറിയാം. പിണറായിയുടെ കുടുംബം എന്താ, ചെത്തുകാരന്റെ കുടുംബാ... ആ ചെത്തുകാരന്റെ കുടുംബത്തില്‍ നിന്ന് അധ്വാനിക്കുന്ന തൊഴിലാളി വര്‍ഗത്തിന്റെ വിപ്ലവ ജ്വാലയായി ചെങ്കൊടി പിടിച്ച് മുന്‍പില്‍ നിന്ന പിണറായി വിജയന്‍ ഇന്ന് എവിടെ?
പിണറായി വിജയന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായപ്പോള്‍, ചെത്തുകാരന്റെ വീട്ടില്‍ നിന്ന് ഉയര്‍ന്നുവന്ന ഒരു മുഖ്യമന്ത്രിക്ക് സഞ്ചരിക്കാന്‍ ഹെലികോപ്റ്റര്‍ എടുത്ത ആദ്യത്തെ മുഖ്യമന്ത്രിയായി. നിങ്ങള്‍ക്ക് അപമാനമാണോ, അഭിമാനമാണോ, സിപിഎമ്മിന്റെ നല്ലവരായ പ്രവര്‍ത്തകര്‍ ചിന്തിക്കണം.' എന്നായിരുന്നു സുധാകരന്റെ വാക്കുകള്‍.
കോണ്‍ഗ്രസ് നേതാവിന്റെ പ്രസംഗത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ അടക്കം പ്രതിഷേധം രൂക്ഷമായിട്ടുണ്ട്. സുധാകരന്‍ മാപ്പ് പറയണമെന്ന് മഹിളാ കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന്‍ എംഎല്‍എ ആവശ്യപ്പെട്ടു. പ്രസംഗത്തെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് എംബി രാജേഷ്, എംഎന്‍ കാരശ്ശേരി തുടങ്ങിയവര്‍ രംഗത്തുവന്നു.