'മോഡിജി റഷ്യ-ഉക്രെയ്ന്‍ യുദ്ധം നിര്‍ത്തിയെന്ന് പറയുന്നു; പക്ഷേ, ഇന്ത്യയിലെ ചോദ്യപേപ്പര്‍ ചോര്‍ച്ച തടയാനായില്ല': പരിഹാസവുമായി രാഹുല്‍ ഗാന്ധി

 'മോഡിജി റഷ്യ-ഉക്രെയ്ന്‍ യുദ്ധം നിര്‍ത്തിയെന്ന് പറയുന്നു; പക്ഷേ, ഇന്ത്യയിലെ ചോദ്യപേപ്പര്‍ ചോര്‍ച്ച തടയാനായില്ല': പരിഹാസവുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: നീറ്റ് വിവാദത്തിലും യുജിസി നെറ്റ് പരീക്ഷ റദ്ദാക്കലിലും പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

'മോഡിജി റഷ്യ-ഉക്രെയ്ന്‍ യുദ്ധം നിര്‍ത്തിയെന്നാണ് പറയുന്നത്. എന്നാല്‍ ചില കാരണങ്ങളാല്‍ ഇന്ത്യയിലെ ചോദ്യപേപ്പര്‍ ചോര്‍ച്ച തടയാന്‍ അദേഹത്തിന് കഴിഞ്ഞില്ല, അല്ലെങ്കില്‍ തടയാന്‍ ആഗ്രഹിക്കുന്നില്ല' - പ്രധാനമന്ത്രിയെ പരിഹസിച്ച് രാഹുല്‍ ഗാന്ധി പറഞ്ഞു.

ദേശീയ ടെസ്റ്റിങ് ഏജന്‍സി ജൂണ്‍ 18 ന് നടത്തിയ യുജിസി നെറ്റ് പരീക്ഷയുടെ സമഗ്രതയില്‍ വിട്ടുവീഴ്ച ഉണ്ടായേക്കാമെന്ന സാധ്യതകളെ തുടര്‍ന്ന് വിദ്യാഭ്യാസ മന്ത്രാലയം ബുധനാഴ്ച റദ്ദാക്കി. കേസ് അന്വേഷണത്തിനായി സിബിഐക്ക് കൈമാറി.

വിദ്യാഭ്യാസ സമ്പ്രദായം ബിജെപിയുടെ മാതൃ സംഘടന പിടിച്ചെടുത്തതിനാലാണ് പേപ്പര്‍ ചോര്‍ച്ചയെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. ഇത് ദേശവിരുദ്ധ പ്രവര്‍ത്തനമാണെന്നും രാഹുല്‍ പറഞ്ഞു.

യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍മാരെ തിരഞ്ഞെടുത്തത് യോഗ്യതയുടെ അടിസ്ഥാനത്തിലല്ല. ഒരു പ്രത്യേക സംഘടനയുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ്.

ഈ സംഘടനയും ബിജെപിയും നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ കടന്നു കയറി അതിനെ തകര്‍ത്തു. നോട്ട് അസാധുവാക്കലിലൂടെ സമ്പദ് വ്യവസ്ഥയില്‍ നരേന്ദ്ര മോഡി ചെയ്തത്, ഇപ്പോള്‍ വിദ്യാഭ്യാസ സമ്പ്രദായത്തിലും ചെയ്തിരിക്കുവെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.