ബംഗ്ലാദേശ് പൗരന്മാര്‍ക്ക് ഇ-മെഡിക്കല്‍ വിസ നല്‍കുമെന്ന് ഇന്ത്യ; മോഡി-ഹസീന കൂടിക്കാഴ്ചയില്‍ നിര്‍ണായക പ്രഖ്യാപനങ്ങള്‍

ബംഗ്ലാദേശ് പൗരന്മാര്‍ക്ക് ഇ-മെഡിക്കല്‍ വിസ നല്‍കുമെന്ന് ഇന്ത്യ; മോഡി-ഹസീന കൂടിക്കാഴ്ചയില്‍ നിര്‍ണായക പ്രഖ്യാപനങ്ങള്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ചികിത്സയ്ക്കായി എത്തുന്ന ബംഗ്ലാദേശ് പൗരന്മാര്‍ക്ക് ഇ-മെഡിക്കല്‍ വിസ സൗകര്യങ്ങള്‍ ഇന്ത്യ ഒരുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. രാജ്യത്തെ വടക്കുപടിഞ്ഞാറന്‍ മേഖലയിലുള്ള ജനങ്ങള്‍ക്ക് സേവനങ്ങള്‍ സുഗമമാക്കുന്നതിന് ബംഗ്ലാദേശിലെ രാംഗ്പൂരില്‍ ഇന്ത്യ കോണ്‍സുലേറ്റ് ആരംഭിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദേഹം.

ഇന്ത്യ-ബംഗ്ലാദേശ് ഉഭയകക്ഷി ബന്ധം ഓരോ വര്‍ഷവും ദൃഢപ്പെടുകയാണ്. എന്‍ഡിഎ സര്‍ക്കാര്‍ മൂന്നാമതും അധികാരത്തിലേറിയതിന് ശേഷം ഇന്ത്യയിലെത്തുന്ന ആദ്യത്തെ അതിഥിയാണ് ഷെയ്ഖ് ഹസീന. ഇരുരാജ്യങ്ങളുടെയും നയതന്ത്രബന്ധം ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങള്‍ തങ്ങള്‍ ചര്‍ച്ച ചെയ്തു. ഇന്ത്യയില്‍ ചികിത്സയ്ക്കായി എത്തുന്ന ബംഗ്ലാദേശ് പൗരന്മാര്‍ക്ക് ഇ-മെഡിക്കല്‍ വിസ സൗകര്യങ്ങള്‍ നല്‍കും. കഴിഞ്ഞ വര്‍ഷം തങ്ങള്‍ ഒരുമിച്ച് നിരവധിവികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി. ഇത്തവണയും നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ടെ്ന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇന്ന് ഇന്ത്യയിലും ബംഗ്ലാദേശിലും ഇന്ത്യന്‍ രൂപയില്‍ വ്യാപാരം നടത്താന്‍ സാധിക്കും. ജനങ്ങള്‍ക്ക് സുഗമമായ സേവനങ്ങള്‍ ഒരുക്കുന്നതിലാണ് ഇരുരാജ്യങ്ങളും ലക്ഷ്യം വയ്ക്കുന്നത്. ഗംഗാ നദീജല ഉടമ്പടി പുതുക്കുന്നതിനുള്ള ചര്‍ച്ചകള്‍ ആരംഭിക്കുന്നതിനും ഇരുരാജ്യങ്ങളും തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ആദ്യ അതിര്‍ത്തി രാജ്യ പൈപ്പ് ലൈന്‍ പദ്ധതിയും പൂര്‍ത്തിയായിട്ടുണ്ടെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ആറാമത്തെ റെയില്‍പാത ജഖോദയ്ക്കും അഗര്‍ത്തലയ്ക്കുമിടയില്‍ ആരംഭിച്ചിട്ടുണ്ട്. ഇരുരാജ്യങ്ങള്‍ക്കും ഇടയിലുള്ള കണക്റ്റിവിറ്റികള്‍ വര്‍ധിപ്പിക്കാനുള്ള വികസന പ്രവര്‍ത്തനങ്ങള്‍ വരും വര്‍ഷങ്ങളിലും നടപ്പിലാക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

ഒപ്പം ടി-20 സൂപ്പര്‍ എട്ടില്‍ ഏറ്റുമുട്ടുന്ന ഇന്ത്യ-ബംഗ്ലാദേശ് ടീമുകള്‍ക്കും പ്രധാനമന്ത്രി ആശംസകള്‍ നേര്‍ന്നു. ഇതിനുപുറമെ വാണിജ്യം, സഹകരണം, കണക്റ്റിവിറ്റി എന്നിവയ്ക്ക് പ്രാധാന്യം നല്‍കികൊണ്ട് ആരംഭിച്ച ഭാരത്- ബംഗ്ലാദേശ് മൈത്രി സാറ്റ്ലൈറ്റ് ഇരുരാജ്യങ്ങളുടെയും ബന്ധത്തിന് പുതിയ മാനങ്ങള്‍ നല്‍കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.