തിരുവനന്തപുരം: ചെത്തുകാരന്റെ മകനായതില്‍ അഭിമാനം മാത്രമേ ഉള്ളൂ എന്നും അല്‍പം പോലും അപമാനമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ എംപിയുടെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ചെത്തുകാരന്റെ മകനെന്നത് തെറ്റായ കാര്യമായി കാണുന്നില്ല. ജേഷ്ഠന്‍ ചെത്തുകാരനായിരുന്നു. രണ്ടാമത്തെ ജേഷ്ഠനും ചെത്ത് അറിയാമായിരുന്നു. തന്റേത് കര്‍ഷക കുടുംബമാണ്. ചെത്തുകാരന്റെ മകന്‍ എന്നത് അപമാനമായി കാണുന്നില്ല. കെ.സുധാകരനെ ബ്രണ്ണന്‍ കോളജ് കാലം മുതല്‍ അറിയാം. തന്നെ അദ്ദേഹത്തിനും അറിയാം.
ചെത്തുകാരന്റെ മകനായതില്‍ അഭിമാനിക്കുന്ന ആളാണ് താന്‍. എന്തെങ്കിലും ദുര്‍വൃത്തിയില്‍ ഏര്‍പ്പെട്ട ആളിന്റെ മകനാണെന്നു പറഞ്ഞാല്‍ ജാള്യത തോന്നാം. ഒരു തൊഴിലെടുത്ത് ജീവിച്ച ആളിന്റെ മകന്‍ എന്നത് അഭിമാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹെലികോപ്റ്ററില്‍ യാത്ര ചെയ്യുന്നതിനെ വിമര്‍ശിക്കുന്നത് കാലത്തിന് ചേരുന്നതല്ല.
എന്നെ അറിയുന്നവര്‍ക്ക് താന്‍ എന്തു ജീവിതമാണ് നയിക്കുന്നതെന്ന് വ്യക്തമായി അറിയാം. മാറിയ കാലത്തെക്കുറിച്ച് അറിയാതെയാണ് ചിലരുടെ പരാമര്‍ശം. തന്റേത് ആഡംബര ജീവിതമാണോയെന്ന് നാടിന് നന്നായി അറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു.