ഷാര്‍ജ: ഷാര്‍ജ സെന്റ് മൈക്കിള്‍സ് കത്തോലിക്ക ദേവാലയത്തിലെ മലയാള സമൂഹം ജൂലൈ ഏഴ് ഞായറാഴ്ച വിശുദ്ധ തോമാശ്ലീഹായുടെ ദുക്‌റാന തിരുനാള്‍ ആഘോഷപൂര്‍വം കൊണ്ടാടി. തിരുനാള്‍ തിരുകര്‍മ്മങ്ങള്‍ക്ക് ജഗല്‍പൂര്‍ ബിഷപ്പ് മാര്‍ ജോസഫ് കൊല്ലംപറമ്പില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. മലയാള സമൂഹത്തിന്റെ ആത്മീയ പിതാവ് ഫാദര്‍ ജോസഫ് വട്ടുകുളത്തില്‍ ഇടവക സഹവികാരി ഫാദര്‍ റെജി മനക്കലേട്ട് എന്നിവര്‍ സഹ കാര്‍മികകരായിരുന്നു.
അന്നേദിവസം പ്രദക്ഷിണവും ആഘോഷ പൂര്‍വമായ ദിവ്യബലിയും ലതിഞ്ഞും കുര്‍ബാനയുടെ വാഴ്‌വും നടന്നു.
ഇടവക വികാരി ഫാദര്‍ ശവരി മുത്തുവിന്റെയും മറ്റ് വൈദികരുടെയും കമ്മിറ്റി അംഗങ്ങളുടെയും നേതൃത്വത്തില്‍ ബിഷപ്പിന് ഉജ്ജ്വലമായ സ്വീകരണമാണ് ദേവാലയത്തില്‍ ഒരുക്കിയത്. 4500 ല്‍ അധികം വിശ്വാസികള്‍ വിശുദ്ധ തോമാ ശ്ലീഹായുടെ അനുഗ്രഹം തേടി തിരുനാള്‍ തിരുകര്‍മ്മങ്ങളില്‍ പങ്കെടുത്തു. നാട്ടിലെ പാരമ്പര്യങ്ങളോട് ചേര്‍ന്ന് നിന്നാണ് തിരുനാള്‍ ചടങ്ങുകള്‍ ക്രമീകരിച്ചത്. വിശ്വാസികള്‍ക്ക് കഴുന്നെടുക്കുവാനുള്ള സൗകര്യവും ഒരുക്കിയിരുന്നു. അതോടൊപ്പം പങ്കെടുത്ത എല്ലാവര്‍ക്കും സ്‌നേഹവിരുന്നും ഒരുക്കിയിരുന്നു.
ഇടവകയിലെ സീറോ മലബാര്‍ കമ്മ്യൂണിറ്റിയുടെയും മലയാളം പാരിഷ് കമ്മിറ്റിയുടെയും സംയുക്ത സഹകരണത്തോടെയാണ് തിരുന്നാള്‍ ആഘോഷങ്ങള്‍ സംഘടിപ്പിച്ചത്. ജൂണ്‍ 28 വെള്ളിയാഴ്ച തിരുനാളിന് കൊടിയേറിയത് മുതല്‍ ഒന്‍പത് ദിവസത്തെ നൊവേനയ്ക്കും തിരുനാള്‍ ആഘോഷങ്ങള്‍ക്കും കൊടിയിറങ്ങി.