കൊച്ചി : കോൺഗ്രസ് യുവനേതാവായ ചാണ്ടി ഉമ്മന്‍ ഹാഗിയ സോഫിയ വിഷയത്തില്‍ നടത്തിയ പ്രസംഗം ജനം അവജ്ഞയോടെ തള്ളികളയുമെന്ന് കെ.സി.വൈ.എം തലശ്ശേരി അതിരൂപത സമിതി പ്രസ്താവിച്ചു. ചാണ്ടി ഉമ്മൻ തന്റെ പ്രസംഗത്തിൽ തുർക്കിയിലെ ഹാഗിയാ സോഫിയ കത്തീഡ്രൽ മോസ്‌ക് ആക്കി മാറ്റിയ എർദോഗന്റെ നടപടിയെ പ്രകീർത്തിച്ചുകൊണ്ട് ചന്ദ്രികയിൽ മുഖലേഖനമെഴുതിയ വ്യക്തിയെ ന്യായീകരിച്ചത് അപലപനീയമാണെന്നും വ്യാജ പ്രസ്താവനകളോടുള്ള പ്രതികരണമെന്നോണം രാഷ്ട്രീയ പ്രവർത്തകർ സമ്മേളനങ്ങളിൽ പ്രസംഗിക്കുമ്പോൾ തികഞ്ഞ ജാഗ്രത പുലർത്തേണ്ടതായുണ്ടെന്നും കെ.സി.വൈ.എം ഓർമ്മപ്പെടുത്തി.
ചില വിഭാഗത്തിൽ പെട്ടവരുടെ കയ്യടി നേടാൻ വേണ്ടി നാലാളു കൂടുമ്പോൾ സ്വന്തം വിശ്വാസത്തേയും മതത്തെയും വിശ്വാസ സമൂഹത്തെയും അടിയറവ് വെക്കുകയല്ല വേണ്ടത്. യൂറോപ്പിലെ പള്ളികൾ പലതും ഡാൻസ് ബാറുകളായെന്ന് പറഞ്ഞ ചാണ്ടി ഉമ്മന്‍റെ വിവാദ പ്രസംഗം ക്രൈസ്തവ വിശ്വാസ സമൂഹത്തെ ഒന്നടങ്കം അതിക്ഷേപിക്കുന്നതാണ്.
തുർക്കി ഭരണാധികാരി, ചരിത്രസ്മാരകത്തെ വീണ്ടും മോസ്‌ക്കാക്കി മാറ്റിയത് ക്രൈസ്തവസമൂഹത്തിന് അപരിഹാര്യമായ മുറിവാണുണ്ടാക്കിയതെന്നും ഹാഗിയ സോഫിയ കത്തീഡ്രൽ ഒരു വലിയ ചരിത്രപാരമ്പര്യത്തെ പ്രതിനിധാനം ചെയ്യുന്നതും വലിയതോതിൽ മതപീഡനം ഏറ്റുവാങ്ങിയ ഒരു വലിയ വിഭാഗം ക്രൈസ്തവ ജനതയെ ചരിത്രത്തിൽ അടയാളപ്പെടുത്തുന്നതാണ് ഈ കത്തീഡ്രൽ എന്ന അറിയേണ്ട ചരിത്രം അറിയേണ്ട വിധം അറിഞ്ഞിരിക്കാൻ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചിരിക്കുന്ന യുവനേതാക്കൾ ശ്രദ്ധിക്കണമെന്നും യോഗം കുറ്റപ്പെടുത്തി.
കെ.സി.വൈ.എം തലശ്ശേരി അതിരൂപത പ്രസിഡന്റ് വിപിൻ മാറുകാട്ടുകുന്നേൽ അധ്യക്ഷത വഹിച്ചു.ഡയറക്ടർ ഫാ. ജിൻസ് വാളിപ്ലാക്കൽ. ഉദ്ഘാടനം ചെയ്തു.ജനറൽ സെക്രട്ടറി അമൽ ജോയി കൊന്നക്കൽ, വൈസ് പ്രസിഡന്റ് നീന പറപ്പള്ളി,ഡെപ്യൂട്ടി പ്രസിഡന്റ് ടോണി ജോസഫ്,സെക്രട്ടറി സനീഷ് പാറയിൽ,ട്രഷറർ ജിൻസ് മാമ്പുഴക്കൽ,ജോയിന്റ് സെക്രട്ടറി ഐശ്വര്യ കുറുമുട്ടം,അനിമേറ്റർ സിസ്റ്റർ പ്രീതി മരിയ,കെ. സി.വൈ.എം സംസ്ഥാന ട്രഷറർ എബിൻ കുമ്പുക്കൽ,സിൻഡിക്കറ്റ് അംഗം ചിഞ്ചു വട്ടപ്പാറ,എന്നിവർ പങ്കെടുത്തു.
അതേസമയം ചേനപ്പാടി തരകനാട്ട് കുന്ന് എസ് എം വൈ എം ചാണ്ടി ഉമ്മന്റെ ചിത്രം കത്തിച്ചുകൊണ്ടാണ് പ്രതിഷേധിച്ചത്. സത്യത്തെ വളച്ചൊടിച്ചുകൊണ്ട് വർഗീയ നിലപാട് എടുക്കുന്ന യുവ നേതാവ് മാപ്പു പറയാതെ പ്രതിഷേധങ്ങൾ അവസാനിപ്പിക്കില്ല എന്ന് എസ് എം വൈ എം പ്രസ്താവിച്ചു.