ബി ജെ പി അധികാരത്തിൽ വന്നാൽ ലൗ ജിഹാദിനെതിരെ നിയമം കൊണ്ടുവരും; കെ സുരേന്ദ്രൻ 

ബി ജെ പി അധികാരത്തിൽ വന്നാൽ ലൗ ജിഹാദിനെതിരെ നിയമം കൊണ്ടുവരും; കെ സുരേന്ദ്രൻ 

കോഴിക്കോട്∙ ബിജെപി അധികാരത്തിൽ വന്നാൽ ലൗ ജിഹാദിനെതിരെ നിയമം കൊണ്ടുവരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. അതേസമയം സംസ്ഥാനത്തെ ദേവസ്വം ബോര്‍ഡുകള്‍ പിരിച്ചു വിടുമെന്നും ദേവസ്വം ബോർഡുകളിൽ രാഷ്ട്രീയക്കാരെ ഒഴിവാക്കി വിശ്വാസികളെ ഭരണമേൽപ്പിക്കുകയാണ് ബിജെപിക്ക് അധികാരം ലഭിച്ചാൽ ചെയ്യുക. ശബരിമല പ്രധാന തിരഞ്ഞെടുപ്പു വിഷയമാണ്. ഇരുമുന്നണികളും ശബരിമലയുടെ പേരിൽ ജനങ്ങളെ കബളിപ്പിക്കുകയാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

ഇടത് മുന്നണിയും ഐക്യ മുന്നണിയും കേരളത്തിലെ ജനങ്ങളെ ജാതിയുടെയും മതത്തിന്റെയും പേരിൽ വേർതിരിക്കാൻ ശ്രമിക്കുന്നതായും സുരേന്ദ്രൻ ആരോപിച്ചു. കേരളത്തിൽ ഭക്ഷണത്തെവരെ വർഗീയവത്കരിക്കുന്ന സമീപനാണ് ഇപ്പോൾ കാണുന്നത്. ആദ്യം വസ്ത്രത്തിലായിരുന്നു മതവത്കരണമെങ്കിൽ ഇപ്പോൾ ഹലാൽ ഭക്ഷണശാലകളാണ്. 

എന്നാൽ, ബിജെപി അധികാരത്തിൽ എത്തിയാൽ ഉത്തർ പ്രദേശ് മാതൃകയിൽ ലവ് ജിഹാദിനെതിരെ നിയമം കൊണ്ടുവരുമെന്ന് സുരേന്ദ്രൻ പറഞ്ഞു. ഹൈന്ദവ വിശ്വാസികളും ക്രൈസ്തവരും നേരിടുന്ന പ്രധാന പ്രശ്‌നം അവരുടെ പെണ്‍കുട്ടികളെ തീവ്രവാദികള്‍ ലക്ഷ്യം വെക്കുന്ന ലൗ ജിഹാദാണ്. ഇതില്‍ ഇരുമുന്നണികളുടേയും നയം എന്താണ്. ലവ് ജിഹാദിനെതിരെ നിയമം കൊണ്ടുവരാൻ യുഡിഎഫും എൽഡിഎഫും തയാറുണ്ടോയെന്ന് വ്യക്തമാക്കണം.

യുപി മാതൃകയിൽ സംസ്ഥാനത്ത് നിയമം കൊണ്ടുവരുന്ന കാര്യം ബിജെപി തിരഞ്ഞെടുപ്പ് പത്രികയിലുണ്ടാവും. വിശ്വാസികളുടടെ കാര്യത്തിൽ പ്രസ്താവനയല്ല, നടപടിയാണ് ആവശ്യമെന്നും സുരേന്ദ്രൻ പറഞ്ഞു.

ബിജെപി അധികാരത്തില്‍ എത്തിയാല്‍ ന്യൂനപക്ഷ ആനുകൂല്യങ്ങള്‍ ഒരു വിഭാഗത്തിന് മാത്രം ലഭിക്കുന്നത് ഒഴിവാക്കുമെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.