'അര്‍ജുന്‍ ചിലപ്പോള്‍ വണ്ടിക്ക് പുറത്തായിരിക്കും ഉണ്ടാവുക'; കേരളത്തില്‍ നിന്ന് ഇനി ആരും വരരുതെന്ന് ലോറി ഉടമ

'അര്‍ജുന്‍ ചിലപ്പോള്‍ വണ്ടിക്ക് പുറത്തായിരിക്കും ഉണ്ടാവുക'; കേരളത്തില്‍ നിന്ന് ഇനി ആരും വരരുതെന്ന് ലോറി ഉടമ

അങ്കോള: അര്‍ജുന്റെ രക്ഷാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് മറ്റ് വിവാദങ്ങളിലേക്ക് ആരും പോകരുതെന്ന് ലോറി ഉടമയായ മനാഫ്. എല്ലാവരും വളരെ കഷ്ടപ്പെട്ടാണ് ദുരന്തമുഖത്ത് നിലകൊള്ളുന്നതെന്നും അധികാരികളുമായിട്ട് നിരന്തരം സംസാരിക്കുന്നുണ്ടെന്നും മനാഫ് പ്രതികരിച്ചു.

അര്‍ജുന്റെ വീട്ടുകാരുടെ വിഷമം ഇവിടെയുള്ള പലരും മനസിലാക്കുന്നില്ല. വീട്ടുകാരെ വിഷമിപ്പിക്കണ്ട എന്നുകരുതി ഇതുവരെ പറയാത്തതാണ്. അര്‍ജുന്‍ ചിലപ്പോള്‍ വണ്ടിക്ക് പുറത്തായിരിക്കും ഉണ്ടാവുക. അക്കാര്യത്തില്‍ തനിക്ക് നല്ല സംശയമുണ്ടെന്നും മനാഫ് പറയുന്നു. കേരളത്തിലുള്ളവര്‍ കര്‍ണാടകയെ അപമാനിക്കുന്നു എന്ന തരത്തിലാണ് പ്രാദേശിക തലത്തില്‍ വാര്‍ത്തകള്‍ വരുന്നത്. കേരളത്തില്‍ നിന്ന് ഇനി ആരും ദുരന്ത സ്ഥലത്തേക്ക് വരരുതെന്നും മനാഫ് പറയുന്നു. പേപ്പര്‍ വര്‍ക്കുകള്‍ അടക്കമുള്ള പല കാര്യങ്ങളും ഒറ്റയ്ക്കാണ് ചെയ്യുന്നത്. 25 പേര്‍ക്കാണ് അനുമതിയുള്ളത്. ഇത്രയും ആളുകള്‍ മതി.

അര്‍ജുനും ലോറിയും കരയിലില്ലെന്ന് ബംഗളൂരുവിലെ സൈനിക ആസ്ഥാനം സ്ഥിരീകരിച്ചു. അര്‍ജുനും ലോറിയും ഗംഗാവലി പുഴയിലെ ചെളിക്കും മണ്ണിനുമടിയില്‍ ഉണ്ടാകാമെന്നാണ് സൈന്യം നല്‍കുന്ന സൂചന. ആധുനിക റഡാര്‍ സംവിധാനത്തോടെയും ഐ.എസ്.ആര്‍.ഒയുടെ ഉപഗ്രഹ ചിത്രങ്ങളുടെയും സഹായത്താലും കരയിലും വെള്ളത്തിലും ഒരേസമയം തിരഞ്ഞെങ്കിലും ഏഴാം ദിവസവും കണ്ടെത്താനായില്ല.

ഇന്നലെ ഉച്ചയ്ക്ക് 12 നാണ് 15 മീറ്റര്‍ ആഴത്തില്‍ സിഗ്‌നല്‍ ലഭിക്കുന്ന റഡാറെത്തിച്ചത്. തുടര്‍ന്ന് എട്ട് മീറ്റര്‍ താഴ്ചയില്‍ നീളമുള്ള ലോഹവും പാറക്കല്ലുമുണ്ടെന്ന് സിഗ്‌നല്‍ കിട്ടി. അര്‍ജുന്റെ ലോറിയും മുന്നിലുണ്ടായിരുന്ന കാറുമായിരിക്കുമെന്നായിരുന്നു കണക്കുകൂട്ടല്‍. മൂന്ന് സ്പോട്ടുകളില്‍ എട്ട് മീറ്ററിലായി മുഴുവന്‍ മണ്ണും വൈകിട്ട് അഞ്ചോടെ മാറ്റിയിട്ടും ഫലമുണ്ടായില്ല. പിന്നാലെ ഇന്നലത്തെ തിരച്ചില്‍ അവസാനിപ്പിക്കുകയായിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.