കൗമാരക്കാരന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കുട്ടികള്‍
സൗത്ത്‌പോര്‍ട്ട്: യു.കെയില്‍ 17 വയസുകാരന്‍ കത്തി ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ മൂന്നു കുട്ടികള്‍ കൊല്ലപ്പെട്ടു. പത്തു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. 6, 7, 9 വയസ് പ്രായമുള്ള പെണ്‍കുട്ടികളാണ് മരിച്ചത്. പതിറ്റാണ്ടുകള്‍ക്കിടെ കുട്ടികള്‍ക്കെതിരേ രാജ്യത്ത് നടന്ന ഏറ്റവും ക്രൂരമായ ആക്രമണങ്ങളിലൊന്നാണിത്.
തിങ്കളാഴ്ചയാണ് ദാരുണ സംഭവം അരങ്ങേറിയത്. ലിവര്‍പൂളിന് സമീപമുള്ള സൗത്ത്പോര്‍ട്ടില്‍ കുട്ടികളുടെ ഡാന്‍സ് ക്ലാസ് നടക്കുന്നതിനിടെ കത്തിയുമായി എത്തിയ യുവാവ് ഓടിനടന്ന് അക്രമണം നടത്തുകയായിരുന്നു. ആറ് വയസ് മുതല്‍ പത്ത് വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്കായുള്ള ഡാന്‍സ് ക്ലാസാണ് ഇവിടെ നടന്നിരുന്നത്.
എട്ട് കുട്ടികളെയും ആക്രമണത്തില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കാന്‍ ശ്രമിച്ച രണ്ട് മുതിര്‍ന്നവരെയും പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ആറ് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.
അക്രമിയെ തിരിച്ചറിഞ്ഞതായും ആക്രമണത്തിന് ഉപയോഗിച്ച ആയുധമുള്‍പ്പെടെ കസ്റ്റഡിയില്‍ എടുത്തതായും മേര്‍സിസൈഡ് പൊലീസ് ചീഫ് കോണ്‍സ്റ്റബിള്‍ സെരീന കെന്നഡി പറഞ്ഞു.
ആക്രമണത്തിന്റെ പ്രചോദനം വ്യക്തമല്ല, അതേസമയം, ഇത് തീവ്രവാദവുമായി ബന്ധപ്പെട്ടതായി കണക്കാക്കുന്നില്ലെന്ന് പൊലീസ് പറഞ്ഞു. അക്രമിയെ പൊലീസ് കീഴ്‌പ്പെടുത്തിയെന്നാണ് വിവരം. ആക്രമണത്തിന് ഉപയോഗിച്ച കത്തിയും കണ്ടെടുത്തിട്ടുണ്ട്. പ്രദേശത്തെ ജനങ്ങളോട് ജാഗ്രത പാലിക്കാന്‍ പൊലീസ് നിര്‍ദേശം നല്‍കി.
ചാള്‍സ് രാജാവും യുകെ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മറും മരിച്ചവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ഭയാനകമായ, ഞെട്ടിക്കുന്ന സംഭവമാണിതെന്ന് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍ പ്രതികരിച്ചു.
17 വയസുകാരനെ കൊലപാതകത്തിനും കൊലപാതകശ്രമത്തിനും അറസ്റ്റ് ചെയ്തതായി മെര്‍സിസൈഡ് പൊലീസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തിവരുന്നുണ്ട്. പ്രതിയുടെ മുന്‍കാലചരിത്രം അടക്കം പരിശോധിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു.