കല്‍പ്പറ്റ: വയനാട്ടിലെ ചൂരല്‍ മലയിലും മുണ്ടക്കൈയിലുമുണ്ടായ ഉരുള്‍പൊട്ടലില്‍ ആശങ്കയുയര്‍ത്തി മരണ സംഖ്യ വീണ്ടും ഉയരുന്നു. നിലവില്‍ ലഭിക്കുന്ന വിവര പ്രകാരം ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 207 ആയി.
225 പേരാണ് പരിക്കേറ്റ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇനിയും 216 പേരെ കണ്ടെത്താനുണ്ടെന്നാണ് ദുരന്തമേഖലയില്‍ നിന്ന് ലഭിക്കുന്ന വിവരം. കാണാതായവരുടെ എണ്ണം ഇത്രയേറെ വലുതാണ് എന്നതിനാല്‍ മരണസംഖ്യ ഇനിയും ഉയരുമെന്ന് ആശങ്കയുണ്ട്.
ഉരുള്‍പൊട്ടലുണ്ടായ ചൂരല്‍ മല, മുണ്ടക്കൈ മേഖലകളില്‍ ഇന്നും രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. കരസേനയും വ്യോമസേനയും എന്‍.ഡി.ആര്‍.എഫ്, എസ്.ഡി.ആര്‍.എഫ്, പൊലീസ്, അഗ്‌നിരക്ഷാ സേന തുടങ്ങിയവരും നിരവധി സന്നദ്ധ പ്രവര്‍ത്തകരും രക്ഷാ ദൗത്യത്തില്‍ പങ്കെടുക്കുന്നുണ്ട്.
പ്രദേശത്ത് കൂടുതല്‍ മണ്ണുമാന്തി യന്ത്രങ്ങളും മറ്റ് സംവിധാനങ്ങളും എത്തിച്ച് രക്ഷാ പ്രവര്‍ത്തനം ഊര്‍ജിതമാക്കാനാണ് ശ്രമം. സൈന്യത്തിന്റെ നേതൃത്വത്തില്‍ ബെയ്ലി പാലം നിര്‍മിക്കാനുള്ള നടപടികളും നടക്കുന്നുണ്ട്.
കൂറ്റന്‍ പാറക്കല്ലുകള്‍ക്കടിയിലും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയിലും ചെളിയിലും നിരവധി പേരുടെ മൃതദേഹങ്ങള്‍ ഇനിയുമുണ്ടാകുമെന്നാണ് രക്ഷാ പ്രവര്‍ത്തകര്‍ പറയുന്നത്. കോണ്‍ക്രീറ്റ് കട്ടിങ് മെഷീന്‍ ഉള്‍പ്പെടെയുള്ള യന്ത്ര സാമഗ്രികളുടെ അപര്യാപ്തതയും രക്ഷാ ദൗത്യത്തിന് വെല്ലുവിളിയാണ്.
ദുരന്തബാധിത മേഖലയില്‍ നിന്ന് രക്ഷപ്പെടുത്തിയവരെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. ജില്ലയിലെ 82 ദുരിതാശ്വാസ ക്യാമ്പുകളിലായി 8,110 പേര്‍ കഴിയുന്നുണ്ട്.