മുല്ലപ്പെരിയാര്‍ ഡാമിന്റെ അപകടാവസ്ഥ ആദ്യം ചൂണ്ടിക്കാണിച്ചത് ബ്രിട്ടീഷുകാര്‍; പണിത് 30 വര്‍ഷം കഴിഞ്ഞപ്പോള്‍ തന്നെ ചോര്‍ച്ച തുടങ്ങി

മുല്ലപ്പെരിയാര്‍ ഡാമിന്റെ അപകടാവസ്ഥ ആദ്യം ചൂണ്ടിക്കാണിച്ചത് ബ്രിട്ടീഷുകാര്‍; പണിത് 30 വര്‍ഷം കഴിഞ്ഞപ്പോള്‍ തന്നെ ചോര്‍ച്ച തുടങ്ങി

കൊച്ചി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്ഷയമുണ്ടെന്ന കേരളത്തിന്റെ നിലപാട് ശരിയല്ലെന്ന തമിഴ്‌നാടിന്റെ വാദം പൊളിയുന്നു.

അണക്കെട്ട് നിര്‍മിച്ച് മുപ്പത് വര്‍ഷം കഴിഞ്ഞപ്പോള്‍ തന്നെ ചോര്‍ച്ചയും ഓട്ടയടയ്ക്കലും തുടങ്ങിയിരുന്നുവെന്ന് തമിഴ്‌നാടിന് വേണ്ടി ന്യൂഡല്‍ഹിയിലെ സെന്‍ട്രല്‍ ബോര്‍ഡ് ഒഫ് ഇറിഗേഷന്‍ ആന്‍ഡ് പവര്‍ 1997 ല്‍ തയ്യാറാക്കിയ പ്രത്യേക റിപ്പോര്‍ട്ടില്‍ പറയുന്നു.

1895 ലാണ് ഡാം കമ്മീഷന്‍ ചെയ്തത്. 1928 ല്‍ അണക്കെട്ടിലെ ചോര്‍ച്ച മൂലമുള്ള അപകടാവസ്ഥ ബ്രിട്ടീഷ് എന്‍ജിനിയര്‍മാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്നുള്ള ഓട്ടയടയ്ക്കല്‍ ശ്രമങ്ങളെച്ചൊല്ലി വിദേശികളായ എന്‍ജിനിയര്‍മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നതായും സൂചനയുണ്ട്.

1928 ഒക്ടോബര്‍ 17 മുതല്‍ 26 വരെ മുല്ലപ്പെരിയാര്‍ അണക്കെട്ട് വിശദമായി പരിശോധിച്ച് ഇറിഗേഷന്‍ ചീഫ് എന്‍ജിനിയര്‍ ബ്രിട്ടീഷുകാരനായ എല്‍.എച്ച് ഗ്രഗ് റിപ്പോര്‍ട്ട് തയ്യാറാക്കി. സുര്‍ക്കി നഷ്ടപ്പെട്ടതിനാല്‍ അണക്കെട്ടിന്റെ ജലമുഖത്തെ പ്ലാസ്റ്ററിങില്‍ നിരവധി വിടവുകളുണ്ടായി.

ഇതിലൂടെ ഡാം ഭിത്തിക്കുള്ളിലേക്ക് ജലം തള്ളിക്കയറിയെന്നും അണക്കെട്ടിന്റെ മുകളില്‍ വീഴുന്ന മഴ വെള്ളവും ഭിത്തിക്കുള്ളിലേക്ക് അരിച്ചിറങ്ങാന്‍ സാധ്യതയുണ്ടെന്നുമായിരുന്നു റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം. ഇത് അടിയന്തരമായി പരിഹരിക്കുന്നതിന് ജലമുഖത്ത് മുക്കാലിഞ്ച് ഘനത്തില്‍ സിമന്റ് പ്ലാസ്റ്ററിങും പുറംതോട് തുരന്ന് ഭിത്തിക്കുള്ളില്‍ ഉയര്‍ന്ന സമ്മര്‍ദ്ദത്തില്‍ സിമന്റ് ഗ്രൗട്ടിങും നടത്തണമെന്നും അദേഹം ശുപാര്‍ശ ചെയ്തു.

എന്നാല്‍ അണക്കെട്ട് തുരന്ന് ഗ്രൗട്ടിങ് നടത്തുന്നത് വിഡ്ഢിത്തമാണെന്നും അണക്കെട്ടിനെ കൂടുതല്‍ ദുര്‍ബലപ്പെടുത്തുമെന്നും ചൂണ്ടിക്കാട്ടി മറ്റൊരു ചീഫ് എന്‍ജിനിയറായ ഡോവ്ലേ രംഗത്തു വന്നു. ഇതവഗണിച്ച് അണക്കെട്ടിന്റെ അടിത്തട്ടില്‍ നിന്ന് 136 അടിക്ക് മുകളില്‍ പാരപ്പറ്റില്‍ നിന്ന് 20 അടി താഴ്ചയില്‍ തുരന്ന് സിമന്റ് ഗ്രൗട്ടിങ് നടത്തി. 1931 മാര്‍ച്ച് അഞ്ചിന് ഈ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി.

ദീര്‍ഘ കാലത്തേക്ക് അണക്കെട്ടിലെ ചോര്‍ച്ച തടയാന്‍ അത് പര്യാപ്തമാകുമെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍ 1950 ആയപ്പോഴേക്ക് വീണ്ടും ചോര്‍ച്ചയുടെ അളവ് കൂടി. 1928 ലേതിനേക്കാള്‍ 12 ഇരട്ടി സിമന്റ് ഉപയോഗിച്ചാണ് അന്ന് ഈ ചോര്‍ച്ച അടച്ചത്. എന്നിട്ടും തീരാത്ത ചോര്‍ച്ചയാണ് 1980 മുതലുണ്ടായത്. ഇതാണ് പുതിയ അണക്കെട്ടെന്ന കേരളത്തിന്റെ വാദത്തിന് പ്രേരണയായത്.

എന്നാല്‍ ഡാം അപകടാവസ്ഥയിലാണെന്നത് കേരളത്തിന്റെ കെട്ടുകഥയാണെന്നാണ് തമിഴ്‌നാട് വാദിക്കുന്നത്. കാലപ്പഴക്കം കൊണ്ട് ദുര്‍ബലമായ സുര്‍ക്കി നിര്‍മിത അണക്കെട്ടിനെ താങ്ങി നിറുത്താന്‍ 1980-95 കാലത്ത് പുതിയ കോണ്‍ക്രീറ്റ് ഭിത്തി നിര്‍മ്മിച്ചതിനാല്‍ എല്ലാം ഭദ്രമായെന്നാണ് തമിഴ്‌നാടിന്റെ നിലപാട്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.