ഷിരൂര്‍: കഴിഞ്ഞ ജൂലൈ 16 ന് മണ്ണിടിച്ചില്‍ ദുരന്തമുണ്ടായ കര്‍ണാടകയിലെ ഷിരൂരില്‍ നിന്ന് 55 കിലോ മീറ്റര്‍ അകലെ കടലില്‍ ജീര്‍ണിച്ച നിലയിലുള്ള മൃതദേഹം കണ്ടെത്തി. ഗോകര്‍ണത്തിനും കുന്ദാവാരയ്ക്കും ഇടയിലുള്ള ഹൊന്നാവര ഭാഗത്ത് കടലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആരുടേതാണെന്ന് വ്യക്തമല്ല.
മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന്റെ സഹോദരന്‍ അഭിജിത്തും ലോറി ഉടമ മനാഫും സംഭവസ്ഥലത്തേക്ക് പോയിട്ടുണ്ട്. മൃതദേഹം ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് അര്‍ജുന്റെ കുടുംബം ആവശ്യപ്പെട്ടു.
മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് മത്സ്യത്തൊഴിലാളിയായ ഒരാളെ കാണാതായിരുന്നു. ഇയാളുടെ മൃതദേഹം ആകാനാണ് സാധ്യതയെന്നാണ് മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെയുടെ അഭിപ്രായം. ഷിരൂരില്‍ നിന്നുള്ള പൊലീസ് സംഘവും ഈശ്വര്‍ മാല്‍പെയും സംഭവ സ്ഥലത്തേക്ക് പോയിട്ടുണ്ട്.