റിയാദ്: സൗദി അറേബ്യയുടെ തെക്കുപടിഞ്ഞാറന്‍ മേഖലയിലെ അല്‍ബാഹയിലുണ്ടായ വാഹനാപകടത്തില്‍ കോഴിക്കോട് സ്വദേശിയായ യുവാവ് ഉള്‍പ്പെടെ നാലു മരണം. കോഴിക്കോട് ചക്കിട്ടപാറ പുരയിടത്തില്‍ തോമസിന്റെ മകന്‍ ജോയല്‍ തോമസും (28) ഒരു ഉത്തര്‍പ്രദേശ് സ്വദേശിയും സുഡാന്‍, ബംഗ്ലാദേശ് പൗരന്മാരായ രണ്ടുപേരും മരിച്ചത്.
അല്‍ബാഹയില്‍നിന്ന് തായിഫിലേക്കു പോകുന്ന റോഡില്‍ കഴിഞ്ഞ ദിവസമാണ് അപകടമുണ്ടായത്. ഇവന്റ് മാനേജ്‌മെന്റ് കമ്പനിയുടെ ട്രക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. മരിച്ചവരെല്ലാം ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനത്തിലെ ജീവനക്കാരാണ്.
ഒരു പരിപാടി കഴിഞ്ഞ് സാധാനസാമഗ്രികളുമായി മടങ്ങുമ്പോള്‍ വാഹനം റോഡില്‍ മറിഞ്ഞ് തീപിടിക്കുകയായിരുന്നു. എല്ലാവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു.
അല്‍ബാഹ ആശുപത്രിയിലാണ് മൃതദേഹങ്ങളുള്ളത്. ഫോട്ടോഗ്രാഫറായ ജോയല്‍ തോമസ് അടുത്തിടെയാണ് സൗദി അറേബ്യയില്‍ ജോലിക്കെത്തിയത്. മാതാവ്: മോളി, ഒരു സഹോദരന്‍: ജോജി.