ന്യൂഡല്‍ഹി: ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയേയും വ്യവസായി ഗൗതം അദാനിയേയും രൂക്ഷമായി വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേഷ്.
ഭയവും വഞ്ചനയും ഭീഷണിയും നിറഞ്ഞതാണ് നരേന്ദ്ര മോഡിയുടേയും അദാനിയുടേയും വിദേശ നയമെന്ന് എക്‌സ് പോസ്റ്റില്‍ അദേഹം കുറ്റപ്പെടുത്തി. ഇന്ത്യന്‍ വ്യവസായികള്‍ വിദേശ രാജ്യങ്ങളില്‍ നിക്ഷേപം നടത്തുന്നതില്‍ അത്ഭുതപ്പെടാന്‍ എന്തിരിക്കുന്നുവെന്നും അദേഹം ചോദിച്ചു.
'മോദാനിയുടെ എഫ്.ഡി.ഐ നയം; ഭയം, വഞ്ചന, ഭീഷണി എന്നിങ്ങനെയാണ്. ഇങ്ങനെയാണോ സ്വകാര്യ നിക്ഷേപം ഉത്തേജിപ്പിക്കപ്പെടുക? ഇന്ത്യന്‍ വ്യവസായികള്‍ വിദേശത്തേക്ക് താമസം മാറ്റാനും നിക്ഷേപ അവസരങ്ങള്‍ തേടാനും നിര്‍ബന്ധിതരാകുന്നതില്‍ അതിശയിക്കാനുണ്ടോ?'- ജയറാം രമേശ് എക്‌സില്‍ കുറിച്ചു.
എന്‍ഡിടിവി ഓഫീസുകളിലും സ്ഥാപകന്‍ പ്രണയ് റോയിയുടെ വീട്ടിലും സിബിഐ റെയ്ഡ് നടത്തുന്നു. ഫലം - അദാനി ഗ്രൂപ്പിന് ഇപ്പോള്‍ എന്‍ഡിടിവിയില്‍ 64.71 ശതമാനം ഓഹരിയുണ്ട്. എസിസി, അംബുജ സിമന്റ് ഓഫീസുകളില്‍ സിസിഐ സംഘം റെയ്ഡ് നടത്തി. ഫലം - അംബുജ സിമന്റ്സ് ഏറ്റെടുത്തതിന് ശേഷം അദാനി ഗ്രൂപ്പ് രണ്ടാമത്തെ വലിയ സിമന്റ് കമ്പനിയായി ഉയര്‍ന്നു.
മുംബൈ വിമാനത്താവളത്തിലെ ജിവികെ ഗ്രൂപ്പ് ഓഫീസുകളില്‍ ഇ.ഡി റെയ്ഡ് നടത്തി. ഫലം - ജിവികെ എയര്‍പോര്‍ട്ട് ഡെവലപ്പര്‍മാരില്‍ അദാനി എയര്‍പോര്‍ട്ട് ഹോള്‍ഡിങ്്സിന് ഏകദേശം 98 ശതമാനം ഓഹരിയുണ്ട്.
നോയിഡയിലെ ക്വിന്റ് ഓഫീസില്‍ ആദായ നികുതി ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തി. ഫലം: ക്വിന്റില്യണ്‍ ബിസിനസ് മീഡിയയുടെ 49 ശതമാനം ഓഹരി അദാനി 48 കോടിക്ക് സ്വന്തമാക്കി', ഇത്തരത്തില്‍ അദാനി ഗ്രൂപ്പ് നേട്ടം കൊയ്ത 100 കാര്യങ്ങള്‍ ജയറാം രമേശ് പോസ്റ്റില്‍ പങ്കുവെച്ചു.
സെബി ചെയര്‍പേഴ്സണ്‍ മാധവി ബുചിനും ഭര്‍ത്താവിനെതിരേയുമാണ് ഹിന്‍ഡന്‍ബര്‍ഗിന്റെ പുതിയ റിപ്പോര്‍ട്ട്. അദാനി ഗ്രൂപ്പില്‍ നിക്ഷേപം നടത്തിയ വിദേശ കമ്പനികളില്‍ മാധുരിക്കും ഭര്‍ത്താവിനും ഓഹരിയുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.