സുവര്‍ണാവസരം: യുഎഇയില്‍ പൊതുമാപ്പ് തുടങ്ങാന്‍ അഞ്ച് ദിവസം; ആര്‍ക്കൊക്കെ അപേക്ഷിക്കാം

സുവര്‍ണാവസരം: യുഎഇയില്‍ പൊതുമാപ്പ് തുടങ്ങാന്‍ അഞ്ച് ദിവസം; ആര്‍ക്കൊക്കെ അപേക്ഷിക്കാം

അബുദാബി: യുഎഇയില്‍ പൊതുമാപ്പ് ആരംഭിക്കാന്‍ ഇനി അഞ്ച് ദിവസങ്ങള്‍ മാത്രം. ഇതോടെ തയാറെടുപ്പുകള്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ് വിവിധ രാജ്യങ്ങളുടെ എംബസികള്‍. സെപ്റ്റംബര്‍ ഒന്ന് മുതല്‍ ഒക്ടോബര്‍ 30 വരെ രണ്ട് മാസമാണ് പൊതുമാപ്പ് കാലാവധി. അപേക്ഷകരുടെ തിരക്ക് കണക്കിലെടുത്ത് ഈ കാലയളവില്‍ ശനിയാഴ്ചകളിലും പ്രവര്‍ത്തിക്കാനാണ് വിവിധ രാജ്യങ്ങളിലെ എംബസി ഉദ്യോഗസ്ഥരുടെ തീരുമാനം.

നിയമലംഘകരായി കഴിയുന്നവര്‍ യുഎഇ പ്രഖ്യാപിച്ച പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് എംബസി-കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ വിവിധ മേഖലകളില്‍ എത്തി ബോധവല്‍ക്കരണത്തിനും തുടക്കം കുറിച്ചു. നിയമലംഘനത്തിന്റെ കാലയളവ് എത്രയായാലും പിഴ കൂടാതെ താമസം നിയമവിധേയമാക്കാനോ ശിക്ഷയില്ലാതെ രാജ്യം വിട്ടുപോകാനോ സാധിക്കുമെന്നും സ്വന്തം പൗരന്‍മാരെ ബോധ്യപ്പെടുത്താനാണ് ശ്രമം. പിഴ അടയ്‌ക്കേണ്ടി വരുമെന്ന് പേടിച്ച് മാറിനില്‍ക്കരുതെന്നും രാജ്യം നല്‍കിയ അപൂര്‍വ അവസരം എത്രയും വേഗം പ്രയോജനപ്പെടുത്തണമെന്നും ആവര്‍ ആവശ്യപ്പെട്ടു.

എംബസിയിലും കോണ്‍സുലേറ്റിലും പ്രത്യേക ഹെല്‍പ് ഡെസ്‌ക്കുകള്‍ സ്ഥാപിച്ച് പൊതുമാപ്പ് അപേക്ഷകരുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം. ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ലദേശ്, ശ്രീലങ്ക ഫിലിപ്പീന്‍സ്, ഈജിപ്ത് തുടങ്ങിയ പ്രവാസികളുടെ സാന്നിധ്യം കൂടുതലുള്ള രാജ്യക്കാരുടെ യുഎഇയില്‍ എംബസികളിലാണ് പൊതുമാപ്പ് പശ്ചാത്തലത്തില്‍ പ്രത്യേക സംവിധാനം ഒരുക്കുന്നത്. വീസ കാലാവധി കഴിഞ്ഞതുമൂലം വര്‍ഷങ്ങളായി യുഎഇയില്‍ കുടുങ്ങിയവര്‍ അനധികൃത താമസത്തിന് അടയ്ക്കാനുള്ള പിഴ ഓര്‍ത്ത് വേവലാതിപ്പെടേണ്ടതില്ലെന്നും പൊതുമാപ്പിലൂടെ പോകുന്നവര്‍ക്ക് പിഴ അടയ്‌ക്കേണ്ടതില്ലെന്നും എംബസി ഉദ്യോസ്ഥര്‍ ഓര്‍മിപ്പിക്കുന്നു.

സാധുതയുള്ള പാസ്‌പോര്‍ട്ട് ഉള്ളവര്‍ക്ക് പൊതുമാപ്പ് അപേക്ഷ നല്‍കുന്നതിനൊപ്പം നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് സഹിതം എമിഗ്രേഷന്‍ ആസ്ഥാനത്ത് നേരിട്ട് എത്തിയാല്‍ യാത്രാനുമതി ലഭിക്കും. പാസ്‌പോര്‍ട്ട് കാലഹരണപ്പെട്ടതാണെങ്കില്‍ പുതുക്കുകയോ തത്കാല്‍ പാസ്‌പോര്‍ട്ട് എടുക്കുകയോ ചെയ്ത ശേഷമായിരിക്കണം പൊതുമാപ്പിന് അപേക്ഷിക്കേണ്ടത്. രേഖകള്‍ കൈവശമില്ലാത്തവര്‍ ദേശീയത തെളിയിക്കുന്ന രേഖയുടെ പകര്‍പ്പ് (റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്) തുടങ്ങി ഏതെങ്കിലും ഒരു രേഖയുടെ പകര്‍പ്പ് ഹാജരാക്കിയാല്‍ സ്ഥിരീകരിച്ച ശേഷം ഔട്ട്പാസ് നല്‍കും. ഇതു കാണിച്ച് രാജ്യം വിടാം. ഇങ്ങനെ രാജ്യം വിടുന്നവര്‍ക്ക് യുഎഇയിലേക്കു തിരിച്ചുവരാന്‍ തടസം ഉണ്ടാകില്ല. രേഖകള്‍ ശരിപ്പെടുത്തി പുതിയ വീസയിലേക്ക് മാറാനും അവസരമുണ്ടാകും.

നിയമലംഘകരായി കഴിയുന്ന ഇന്ത്യക്കാരുടെ വിവരങ്ങള്‍ അംഗീകൃത സംഘടനകളുടെ സഹകരണത്തോടെ ലഭ്യമാക്കി നടപടികള്‍ ഊര്‍ജിതമാക്കാനാണ് ഇന്ത്യന്‍ എംബസിയുടെയും കോണ്‍സുലേറ്റിന്റെയും നീക്കം. അപേക്ഷകര്‍ക്ക് ആവശ്യമായ എല്ലാ നടപടിക്രമങ്ങളും എംബസിയിലും കോണ്‍സുലേറ്റിലും പൂര്‍ത്തിയാക്കുമെന്നും സൂചിപ്പിച്ചു.

പൊതുമാപ്പ് ഉപയോഗപ്പെടുത്തുന്നവര്‍ക്ക് കുറഞ്ഞ നിരക്കില്‍ നാട്ടില്‍ എത്താന്‍ സൗകര്യം ഒരുക്കണമെന്ന് വിവിധ എയര്‍ലൈനുകളോട് ആവശ്യപ്പെട്ടതായും സ്ഥാനപതികാര്യാലയം അറിയിച്ചു. പൊതുമാപ്പ് പ്രഖ്യാപിച്ചതോടെ പാസ്‌പോര്‍ട്ട് പുതുക്കാനുള്ള അപേക്ഷകരുടെ എണ്ണം കൂടിയതായി വിവിധ എംബസികള്‍ ചൂണ്ടിക്കാട്ടി. പാക്കിസ്ഥാന്‍, ബംഗ്ലദേശ് എംബസികളിലെ പ്രത്യേക ഓഫിസില്‍ അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങി. രാവിലെ എട്ട് മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയാണ് അപേക്ഷ സ്വീകരിക്കുന്നത്.

വന്‍തുക പിഴയുടെ പേരിലാണ് പലരും എംബസിയെയും കോണ്‍സുലേറ്റിനെയും സമീപിക്കാതെയും അധികൃതര്‍ക്ക് പിടികൊടുക്കാതെയും ഒളിച്ചു കഴിഞ്ഞിരുന്നത്. ആ പേടി വേണ്ടെന്നും പൊതുമാപ്പ് അപേക്ഷകരെ പിടികൂടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. യുഎഇയില്‍ ആറ് വര്‍ഷത്തിനു ശേഷമാണ് പൊതുമാപ്പ് പ്രഖ്യാപിക്കുന്നത്. 2018 ല്‍ നാല് മാസം നീണ്ട പൊതുമാപ്പ് 88 ശതമാനം പേര്‍ പ്രയോജനപ്പെടുത്തിയിരുന്നു. അന്ന് ബംഗ്ലദേശുകാരാണ് കൂടുതലായി ഉപയോഗപ്പെടുത്തിയത്. യുഎഇയില്‍ തുടരാന്‍ ആഗ്രഹിക്കുന്നവര്‍ ഏതെങ്കിലും കമ്പനിയില്‍ നിന്നുള്ള ഓഫര്‍ ലെറ്റര്‍ ലഭ്യമാക്കിയാല്‍ പുതിയ വീസയിലേക്ക് മാറാനും അവസരമൊരുക്കും.

ആര്‍ക്കൊക്കെ അപേക്ഷിക്കാം

വീസ കാലാവധി കഴിഞ്ഞവര്‍, സ്‌പോണ്‍സറില്‍ നിന്ന് ഒളിച്ചോടിയവര്‍, അനധികൃതമായി രാജ്യത്തെത്തിയവര്‍ തുടങ്ങി വിവിധ വിഭാഗത്തിലുള്ളവര്‍ പൊതുമാപ്പ് ഉപയോഗപ്പെടുത്തി. ഇവര്‍ക്ക് പുതിയ വീസയില്‍ രാജ്യത്തേക്ക് തിരിച്ചുവരുന്നതിന് തടസമില്ല. എന്നാല്‍ വിവിധ കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്ക് ബന്ധപ്പെട്ട കേസുകളില്‍ നിന്ന് വിടുതല്‍ ലഭിച്ചാല്‍ മാത്രമേ പൊതുമാപ്പ് പ്രയോജനപ്പെടുത്താനാകൂ.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.