കുപ്‌വാരയില്‍ നടന്നത് ഇരട്ട ദൗത്യം; മൂന്ന് ഭീകരരെ വധിച്ച് സൈന്യം

കുപ്‌വാരയില്‍ നടന്നത് ഇരട്ട ദൗത്യം; മൂന്ന് ഭീകരരെ വധിച്ച് സൈന്യം

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ കുപ്‌വാരയില്‍ നിയന്ത്രണ രേഖയ്ക്ക് സമീപം നുഴഞ്ഞുകയറാന്‍ ശ്രമിച്ച മൂന്ന് ഭീകരരെ വധിച്ച ഓപ്പറേഷനെക്കുറിച്ച് വിശദീകരിച്ച് സൈന്യം. നേരത്തെ ലഭിച്ച ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയായിരുന്നു ഏറ്റുമുട്ടലില്‍ കലാശിച്ചത്. പ്രതികൂല കാലാവസ്ഥയെ മറികടന്ന് ഓപ്പറേഷന്‍ വിജയകരമാക്കിയ സേനാംഗങ്ങളെ അഭിനന്ദിക്കുന്നതായും കരസേനയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു.

നിയന്ത്രണ രേഖയ്ക്ക് അപ്പുറത്ത് നിന്ന് ഭീകരര്‍ നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നുണ്ടെന്ന വിവരം ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് പൊലീസിന് ലഭിച്ചിരുന്നു. തംഗ്ധാര്‍, മച്ഛല്‍ തുടങ്ങിയ മേഖലകളിലൂടെ ഓഗസ്റ്റ് 28 ന് ഭീകരര്‍ നുഴഞ്ഞുകയറുമെന്ന ഇന്റലിജന്‍സ് വിവരം ജമ്മു കാശ്മീര്‍ പൊലീസ് സ്ഥിരീകരിക്കുകയും ചെയ്തു. തുടര്‍ന്ന് ഇന്ത്യന്‍ ആര്‍മി, കാശ്മീര്‍ പൊലീസ്, ബിഎസ്എഫ് എന്നീ സേനകള്‍ സംയുക്തമായി ഓപ്പറേഷന്‍ നടത്തുകയായിരുന്നു.

വൈകുന്നേരം എട്ടോടെ മച്ഛലില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചു. ഒമ്പതോടെ തംഗ്ധാര്‍ മേഖലയില്‍ ഏറ്റുമുട്ടല്‍ തുടങ്ങിയത്. ഇരു ഓപ്പറേഷനുകളിലുമായി മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു. മച്ഛലില്‍ രണ്ട് പേരെയും തംഗ്ധാറില്‍ ഒരാളെയും വധിച്ചു. തംഗ്ധാറില്‍ ഒരു ഭീകരന് സാരമായി പരിക്കേറ്റതായും വിവരമുണ്ട്. പ്രതികൂലമായ കാലാവസ്ഥയിലും പ്രയാസകരമായ ഭൂപ്രകൃതിയിലുമാണ് രണ്ട് ഓപ്പറേഷനുകളും നടന്നത്.

ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയ എല്ലാ സുരക്ഷാ ഉദ്യോഗസ്ഥരെയും അഭിനന്ദിക്കുന്നതായി മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.