തിരുവനന്തപുരം: കൊവിഡാനന്തര രോഗങ്ങളും മരണവും കൂടുന്നതില്‍ ആരോഗ്യവകുപ്പ് ആശങ്കയില്‍. കൊവിഡാന്തര പ്രശ്‌നങ്ങള്‍ ഗുരുതരമാകുന്നവരുടെ എണ്ണം സംസ്ഥാനത്ത് ഉയരുകയാണ്.
ഹൃദയാഘാതം , തലച്ചോറിലും മറ്റും രക്തം കട്ടപിടിക്കുക, ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍, മാനസിക പിരിമുറുക്കം, ഉറക്കമില്ലായ്മ, ഇങ്ങനെ കൊവിഡാനന്തര പ്രശ്‌നങ്ങള്‍ നിരവധിയാണ്. കൊവിഡ് നെഗറ്റീവായശേഷം മറ്റ് അസുഖങ്ങള്‍ വന്ന് മരിക്കുന്നവരുടെ എണ്ണവും കൂടിയെങ്കിലും അത് കൊവിഡ് കാരണമാണോയെന്നറിയാന്‍ ഓഡിറ്റ് നടത്തണമെന്നാണ് സര്‍ക്കാര്‍ വിശദീകരണം.
സംസ്ഥാനത്തൊട്ടാകെയുള്ള സര്‍ക്കാരിന്റെ 1284 പോസ്റ്റ് കൊവിഡ് ക്ലിനിക്കുകളിലായി 93,680 പേരാണ് ഇതുവരെ ചികില്‍സ തേടിയത്. 51508 പേര്‍ ഫോണ്‍ വഴി ചികില്‍സ തേടി. 7409 പേരാണ് ശ്വാസകോശസംബന്ധമായ രോഗങ്ങള്‍ക്ക് മാത്രമായി ചികില്‍സ തേടിയത്. പേശി അസ്ഥി സംബന്ധവുമായ അസുഖങ്ങളുമായി ചികില്‍സ തേടിയത് 3341 പേര്‍.
ഹൃദയ സംബന്ധമായ രോഗങ്ങളുമായി 1649 പേരും ന്യൂറോ സംബന്ധമായ രോഗങ്ങളുമായി 1400പേരും ചികില്‍സയ്‌ക്കെത്തി. ഉറക്കമില്ലായ്മ അടക്കം മാനസിക അസ്വാസ്ഥ്യങ്ങളുമായി 812 പേര്‍ ചികില്‍സ തേടിയതായും കണക്കുകള്‍ വ്യക്തമാക്കുന്നു. കൊവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങള്‍ ബാധിച്ചുള്ളവരുടെ മരണവും സംസ്ഥാനത്ത് കൂടുകയാണ്.