മസ്ക്കറ്റ്: അറബിക്കടലിൽ രൂപം കൊണ്ട അസ്ന ചുഴലിക്കാറ്റ് ഒമാനെ നേരിട്ട് ബാധിക്കില്ല. ഞായറാഴ്ച തെക്കൻ ശർഖിയ തീരത്തിന് സമീപമെത്തുന്ന കാറ്റ് തൊട്ടടുത്ത 48 മണിക്കൂറിൽ തെക്ക്, തെക്ക് പടിഞ്ഞാറ് ഭാഗത്തേക്ക് ദിശ മാറി ദുർബലമാകുമെന്നാണ് ഏറ്റവും പുതിയ ഉപഗ്രഹചിത്രങ്ങൾ കാണിക്കുന്നത്. സിവിൽ ഏവിയേഷൻ പൊതുഅതോറിറ്റി ശനിയാഴ്ച ഉച്ചക്ക് പുറത്തിറക്കിയ മുന്നറിയിപ്പിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
മണിക്കൂറിൽ 83.34 കിലോമീറ്റർ വരെയാണ് കാറ്റിന്റെ വേഗത. ചുഴലിക്കാറ്റിന്റെ ഭാഗമായുള്ള മഴ മേഘങ്ങൾ റാസ് അൽ ഹദ്ദ് തീരത്ത് നിന്ന് 280 കിലോമീറ്റർ അകലെയാണുള്ളത്.
സെപ്റ്റംബർ ഒന്ന്, രണ്ട് തീയതികളിലും മസ്ക്കറ്റ്, തെക്ക്-വടക്ക് ശർഖിയ ഗവർണറേറ്റുകളിലും അൽ വുസ്തയുടെ ഭാഗങ്ങളിലും മഴ ലഭിക്കും. 30 മില്ലീമീറ്റർ വരെ മഴക്കൊപ്പം 55 കിലോമീറ്റർ വരെ വേഗതയിൽ കാറ്റുമുണ്ടാകാനിടയുണ്ട്. ചിലപ്പോൾ മഴയുടെ അളവ് 100 മില്ലിമീറ്റർ വരെയായി ഉയർന്നേക്കും. ഇത് വാദികൾ നിറഞ്ഞൊഴുകാൻ വഴിയൊരുക്കുമെന്നതിനാൽ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു. ഒമാൻ കടലും അറബിക്കടലും പ്രക്ഷുബ്ധമായേക്കും.
തിരമാലകൾ മൂന്ന് മുതൽ അഞ്ച് മീറ്റർ വരെ ഉയരാനിടയുള്ളതിനാൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാനുമിടയുണ്ട്. തീരത്ത് നിന്ന് ദിശമാറിയ ന്യൂനമർദം ചൊവ്വാഴ്ച പുലർച്ച മൂന്നോടെ ദുർബലമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അതോറിറ്റി അറിയിച്ചു.