മാതാ പിതാ ഗുരു ദൈവം എന്ന സങ്കല്‍പത്തിലാണ് നാം ഇതുവരെ ജീവിച്ച് പോന്നിരിക്കുന്നത്. അനുഭവ ജ്ഞാനത്തിന്റെയും പഠനത്തിന്റെയും ബലത്തിലാണ് ഒരു അധ്യാപകന്‍ നമ്മള്‍ക്ക് വിദ്യ ഉപദേശിച്ചു നല്‍കുന്നത്. നമ്മുടെ പ്രിയപ്പെട്ട അധ്യാപകരുടെ സേവനവും അവരുടെ ത്യാഗവും ഒക്കെ ഓര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് അധ്യാപക ദിനം ആഘോഷിക്കുന്നത്. തങ്ങളുടെ ഉദാത്തമായ സേവനങ്ങള്‍ കൊണ്ടും ഇടപെടല്‍ കൊണ്ടും വരും തലമുറയെ വളര്‍ത്തിയെടുക്കുന്ന അധ്യാപകരുടെ സേവനത്തെ സ്തുതിക്കാനും ഓര്‍ക്കാനുമാണ് ഈ ദിനം നമ്മള്‍ ആചരിക്കുന്നത്.
ആഗോള തലത്തില്‍ ഒക്ടോബര്‍ അഞ്ചിനാണ് അധ്യാപക ദിനം ആചരിക്കുന്നതെങ്കില്‍ ഇന്ത്യയില്‍ അധ്യാപക ദിനം സെപ്റ്റംബര്‍ അഞ്ചാം തീയതിയാണ്. നമ്മുടെ രാജ്യത്ത് സെപ്റ്റംബര്‍ അഞ്ച് അധ്യാപക ദിനമായി ആചരിക്കുന്നതിന് വലിയൊരു കാരണമുണ്ട്. ഇന്ത്യ കണ്ട ഏറ്റവും മികച്ചൊരു അധ്യാപകന്റെ മഹത്തായ ഒരു മനുഷ്യന്റെ ഓര്‍മ്മയ്ക്ക് വേണ്ടിയാണ് ഈ ദിവസം നാം രാജ്യമെമ്പാടും അധ്യാപക ദിനം എന്ന നിലയില്‍ കൊണ്ടാടുന്നത്. ഇന്ത്യയുടെ ആദ്യ ഉപരാഷ്ട്രപതിയും രണ്ടാമത്തെ രാഷ്ട്രപതിയുമായ ഡോ. എസ് രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബര്‍ അഞ്ചിനാണ് ഇന്ത്യയില്‍ അധ്യാപക ദിനമായി ആചരിക്കുന്നത്.
ഒരു സമൂഹത്തെ മുഴുവന്‍ വാര്‍ത്തെടുക്കുന്നതില്‍, ബാല്യകൗമാര കാലത്തെ കുട്ടികളുടെ ചാപല്യങ്ങള്‍ തിരിച്ചറിഞ്ഞ് അവരെ നേര്‍വഴിക്ക് നടത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നവരാണ് അധ്യാപകര്‍. എങ്കിലും പലപ്പോഴും വേണ്ടത്ര അംഗീകാരങ്ങള്‍ അവര്‍ക്ക് കിട്ടാറില്ലെന്ന് നമുക്ക് തോന്നിയാല്‍ അതിനെയൊരിക്കലും കുറ്റപ്പെടുത്തുവാന്‍ കഴിയില്ല.
1962 മുതലാണ് ഈ ദിനം അധ്യാപക ദിനമായി ഇന്ത്യയില്‍ ആചരിക്കാന്‍ തുടങ്ങിയത്. ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയായി സേവനം അനുഷ്ഠിക്കുന്ന വേളയിലാണ് അദ്ദേഹത്തിന്റെ ജന്മദിനം ഒരു പ്രത്യേക ദിവസമായി ആഘോഷിക്കണമെന്ന ആവശ്യവുമായി വിദ്യാര്‍ത്ഥികള്‍ തന്നെ ഡോ. എസ് രാധാകൃഷ്ണനെ സമീപിച്ചത്. ഇതോടെയാണ് വിദ്യാര്‍ത്ഥികള്‍ക്കായി എക്കാലവും ത്യാഗങ്ങള്‍ സഹിക്കുന്ന അധ്യാപകരെ ഓര്‍ക്കുന്ന ദിനമായി അത് ആഘോഷിക്കാന്‍ അദേഹം നിര്‍ദേശിച്ചത്.