'ദൈവമാകണോ വേണ്ടയോ എന്ന് ജനങ്ങള്‍ തീരുമാനിക്കും': മോഡിക്കെതിരെ വീണ്ടും ഒളിയമ്പ് എയ്ത് ആര്‍എസ്എസ് മേധാവി

'ദൈവമാകണോ വേണ്ടയോ എന്ന് ജനങ്ങള്‍ തീരുമാനിക്കും': മോഡിക്കെതിരെ വീണ്ടും ഒളിയമ്പ് എയ്ത് ആര്‍എസ്എസ് മേധാവി

മുംബൈ: നാം ദൈവമാകണോ വേണ്ടയോ എന്ന് ജനങ്ങള്‍ തീരുമാനിക്കുമെന്നും സ്വയം ദൈവമായി പ്രഖ്യാപിക്കരുതെന്നും ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത്.

മണിപ്പൂരിലെ സാമൂഹ്യ പ്രവര്‍ത്തകനായിരുന്ന ശങ്കര്‍ ദിനകര്‍ കെയ്നിന്റെ പ്രവര്‍ത്തനങ്ങളെ അനുസ്മരിക്കാന്‍ പൂനെയില്‍ ചേര്‍ന്ന സമ്മേളനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ ആര്‍എസ്എസ് മേധാവി വീണ്ടും ഒളിയമ്പ് എയ്തത്. നരേന്ദ്ര മോഡിയുടെ ദൈവീകവതാരമെന്ന പരാമര്‍ശത്തിനെതിരെ നേരത്തേയും മോഹന്‍ ഭഗവത് രംഗത്തെത്തിയിരുന്നു.

ശാന്തരായിരിക്കുന്നതിന് പകരം മിന്നല്‍ പോലെ പ്രകാശിക്കണമെന്നാണ് ചിലരുടെ വിചാരം. എന്നാല്‍ മിന്നലാക്രമണത്തിന് ശേഷം അത് മുമ്പത്തേക്കാള്‍ ഇരുണ്ടതായി മാറും. ശങ്കര്‍ ദിനകര്‍ കെയ്ന്‍ 1971 വരെ മണിപ്പൂരില്‍ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പ്രവര്‍ത്തിച്ചു. കൂടാതെ അദേഹം വിദ്യാര്‍ത്ഥികളെ മഹാരാഷ്ട്രയിലേക്ക് കൊണ്ടുവന്ന് അവര്‍ക്ക് താമസിക്കാനുള്ള സൗകര്യമൊരുക്കി.

സംഘര്‍ഷ ഭരിതമായ മണിപ്പൂരിലെ നിലവിലെ സാഹചര്യത്തെക്കുറിച്ച് സംസാരിക്കവെ, നിലവിലുള്ള സാഹചര്യങ്ങള്‍ ബുദ്ധിമുട്ടുള്ളതും വെല്ലുവിളി നിറഞ്ഞതുമാണെന്ന് മോഹന്‍ ഭഗവത് പറഞ്ഞു.

'മണിപ്പൂരില്‍ നിലനില്‍ക്കുന്ന സാഹചര്യം ദുഷ്‌കരമാണ്. സുരക്ഷയ്ക്ക് യാതൊരു ഉറപ്പുമില്ല. പ്രദേശ വാസികള്‍ക്ക് അവരുടെ സുരക്ഷയെക്കുറിച്ച് സംശയമുണ്ട്. ബിസിനസിനോ സാമൂഹിക പ്രവര്‍ത്തനത്തിനോ അവിടെ പോയവര്‍ക്ക് സ്ഥിതി കൂടുതല്‍ വെല്ലുവിളിയാണ്'- ആര്‍എസ്എസ് മേധാവി വ്യക്തമാക്കി.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.