ചന്ദ്രനില്‍ ആണവ നിലയം സ്ഥാപിക്കാന്‍ റഷ്യ; പദ്ധതിയുമായി സഹകരിക്കാന്‍ ഇന്ത്യയും ചൈനയും

ചന്ദ്രനില്‍ ആണവ നിലയം സ്ഥാപിക്കാന്‍ റഷ്യ;  പദ്ധതിയുമായി സഹകരിക്കാന്‍ ഇന്ത്യയും ചൈനയും

മോസ്‌കോ: ചന്ദ്രനില്‍ ആണവ നിലയം സ്ഥാപിക്കാനൊരുങ്ങി റഷ്യ. പദ്ധതിയുമായി സഹകരിക്കാന്‍ ഇന്ത്യയും ചൈനയും താല്‍പര്യം അറിയിച്ചതായി റഷ്യന്‍ ആണവോര്‍ജ കോര്‍പ്പറേഷനായ റോസറ്റോം മേധാവി അലക്സി ലിഖാച്ചെ പറഞ്ഞു.

500 കിലോവാട്ട് ഊര്‍ജം ഉല്‍പാദിപ്പിക്കാനാവുന്ന ചെറിയ ആണവോര്‍ജ നിലയം നിര്‍മിക്കാനാണ് റോസറ്റോമിന്റെ പദ്ധതി. വിവിധ അന്തര്‍ ദേശീയ ബഹിരാകാശ പദ്ധതികള്‍ക്ക് അടിത്തറ പാകാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും ഈസ്റ്റേണ്‍ എക്കോണമിക് ഫോറത്തില്‍ അലക്സി ലിഖാച്ചെ വ്യക്തമാക്കി.

തങ്ങള്‍ ചന്ദ്രനില്‍ ആണവോര്‍ജ നിലയം സ്ഥാപിക്കാനുള്ള ശ്രമങ്ങളിലാണെന്ന് റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്മോസും പ്രഖ്യാപിച്ചിരുന്നു. 2036 ഓടുകൂടി ഇത് യാഥാര്‍ത്ഥ്യമാക്കാനാണ് റഷ്യ ഉദ്ദേശിക്കുന്നത്.

2050 ആകുമ്പോള്‍ ചന്ദ്രനില്‍ സ്വന്തം ഗവേഷണ കേന്ദ്രം സ്ഥാപിക്കാനുള്ള ലക്ഷ്യങ്ങളുടെ മുന്നോടിയായാണ് ഇന്ത്യയും പദ്ധതിയുടെ ഭാഗമാവാന്‍ താല്‍പര്യം പ്രകടിപ്പിച്ചത്. ഇത് ഇന്ത്യയുടെ ഭാവി ചാന്ദ്ര ദൗത്യങ്ങള്‍ക്ക് ശക്തി പകരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ചന്ദ്രനിലേക്ക് മനുഷ്യരെ അയക്കാതെ പൂര്‍ണമായി ഓട്ടോണമസ് ആയിട്ടാവും ചാന്ദ്ര നിലയത്തിന്റെ നിര്‍മാണമെന്ന് റഷ്യ പറയുന്നു. അതിന് ആവശ്യമായ സാങ്കേതിക വിദ്യകളുടെ നിര്‍മാണം അവസാന ഘട്ടത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചന്ദ്രനില്‍ 14 ദിവസം പകലും 14 ദിവസം രാത്രിയും ആയതിനാല്‍ പൂര്‍ണമായും സൂര്യ പ്രകാശത്തെ ആശ്രയിക്കാന്‍ സാധിക്കില്ല. ഇക്കാരണത്താലാണ് ആണവോര്‍ജം പ്രയോജനപ്പെടുക. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയും ചന്ദ്രനില്‍ സ്വന്തം ആണവോര്‍ജ നിലയം സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.