ന്യൂഡല്‍ഹി: സൂപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ വസതിയില്‍ നടന്ന ഗണപതി പൂജയ്ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോഡി എത്തിയത് വിവാദമായി.
ഇത് ജൂഡീഷ്യറിയുടെ സുതാര്യതയെ ചോദ്യം ചെയ്യുന്ന സംഭവമെന്നാണ് വിമര്‍ശിച്ചും അതിലുള്ള ആശങ്ക പ്രകടമാക്കിയും അഭിഭാഷക സമൂഹവും പ്രതിപക്ഷ പാര്‍ട്ടികളും രംഗത്ത് വന്നു. ചീഫ് ജസ്റ്റിസിന്റെ ഡല്‍ഹിയിലെ വസതിയില്‍ ബുധനാഴ്ച നടന്ന ചടങ്ങിലേക്ക് പരമ്പരാഗത മഹാരാഷ്ട്ര തൊപ്പി ധരിച്ചാണ് പ്രധാനമന്ത്രിയെത്തിയത്.
പ്രധാനമന്ത്രിയെ സ്വന്തം വസതിയിലെ സ്വകാര്യ ചടങ്ങിന് ചീഫ് ജസ്റ്റിസ് ക്ഷണിച്ചത് ഞെട്ടിപ്പിക്കുന്നതാണെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. സമൂഹ മാധ്യമമായ എക്‌സിലൂടെയായിരുന്നു അദേഹത്തിന്റെ പ്രതികരണം.
'പൗരന്മാരുടെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും ഭരണഘടനയ്ക്ക് പരിധിക്കുള്ളില്‍ നിന്ന് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാക്കേണ്ടതുമായ ജുഡീഷ്യറി ഇവിടെ സമൂഹത്തിന് കൈമാറുന്നത് മോശം സന്ദേശമാണ്. അതുകൊണ്ടാണ് എക്സിക്യൂട്ടീവും ജുഡീഷ്യറിയും തമ്മില്‍ കൃത്യമായ വേര്‍തിരിവുള്ളത്' - പ്രശാന്ത് ഭൂഷണ്‍ കുറിച്ചു.
ജുഡീഷ്യറിയും എക്സിക്യൂട്ടീവും തമ്മിലുള്ള അധികാര വിഭജനത്തില്‍ ചീഫ് ജസ്റ്റിസ് വിട്ടുവീഴ്ച ചെയ്തതായി അഭിഭാഷകയും ആക്ടിവിസ്റ്റുമായ ഇന്ദിര ജയ്സിങ് ചൂണ്ടിക്കാണിച്ചു.
ചീഫ് ജസ്റ്റിസിന്റെ സ്വതന്ത്രമായുള്ള പ്രവര്‍ത്തനങ്ങളിലെ എല്ലാ വിശ്വാസവും നഷ്ടമായി. സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ ഇതിനെ അപലപിക്കണമെന്നും ഇന്ദിര ജയ്സിങ് ആവശ്യപ്പെട്ടു.
ജുഡീഷ്യറിയിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്ന പ്രവര്‍ത്തനമാണ് ചീഫ് ജസ്റ്റിസിന്റെ ഭാഗത്തു നിന്നുണ്ടായതെന്ന് ശിവസേന (യുടിബി) നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. മഹാരാഷ്ട്ര സര്‍ക്കാര്‍ കക്ഷിയായൊരു കേസ് സുപ്രീം കോടതിയുടെ മുന്നിലുള്ള സാഹചര്യം ചൂണ്ടിക്കാണിച്ചായിരുന്നു സഞ്ജയ് റാവത്തിന്റെ വാക്കുകള്‍.
'പ്രധാനമന്ത്രി ചീഫ് ജസ്റ്റിസിന്റെ വസതിയിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്. ഇരുവരും ചടങ്ങുകളുടെ ഭാഗമായി. ഭരണഘടനയുടെ സംരക്ഷകര്‍ രാഷ്ട്രീയ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമ്പോള്‍ അത് സംശയങ്ങള്‍ക്കിടയാക്കും.
മഹാരാഷ്ട്രയിലെ തങ്ങളുടെ കേസ് സുപ്രീം കോടതിയുടെ മുന്നിലുണ്ട്. നിലവിലത്തെ മഹാരാഷ്ട്ര സര്‍ക്കാരും കേസിന്റെ ഭാഗമാണ്. തങ്ങള്‍ക്ക് നീതി ലഭിക്കുമോയെന്നതില്‍ ആശങ്കയുണ്ട്. ഈ കേസില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിനെക്കുറിച്ച് ചീഫ് ജസ്റ്റിസ് ആലോചിക്കണമെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.