ന്യൂഡല്‍ഹി: അന്തരിച്ച സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മൃതദേഹം നാളെ ഡല്‍ഹി എകെജി ഭവനില്‍ പൊതുദര്‍ശനത്തിന് വെക്കും. ഇന്ന് ഡല്‍ഹി എയിംസില്‍ സൂക്ഷിക്കുന്ന നാളെ രാവിലെ ഒന്‍പത് മുതല്‍ ഉച്ചക്ക് രണ്ട് മണി വരെയാണ് പൊതുദര്‍ശനം.
തുടര്‍ന്ന് വസന്ത കുഞ്ജിലെ വസതിയിലേക്ക് കൊണ്ടു പോകും. 14 ന് ഉച്ചകഴിഞ്ഞ് മൂന്നിന് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടക്കുന്ന അന്തിമോപചാര ചടങ്ങുകള്‍ക്ക് ശേഷം മൃതദേഹം മെഡിക്കല്‍ വിദ്യാര്‍ഥികളുടെ പഠനത്തിനായി വിട്ടു നല്‍കും.
ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ഡല്‍ഹി എയിംസില്‍ ചികിത്സയിലിക്കെ വൈകുന്നേരം നാല് മണിയോടെയായിരുന്നു അന്ത്യം. യെച്ചൂരിയുടെ നിര്യാണത്തില്‍ മുതിര്‍ന്ന നേതാക്കള്‍ അനുശോചിച്ചു.
സര്‍വേശ്വര സോമയാജലു യച്ചൂരിയുടെയും കല്‍പകത്തിന്റെയും മകനായി 1952 ഓഗസ്റ്റ് 12 ന് ചെന്നൈയിലാണ് യച്ചൂരി സീതാരാമ റാവു ജനിച്ചത്.
പേരിന്റെ വാലറ്റത്തു നിന്ന് ജാതി മുറിച്ചു മാറ്റാമെന്നു തീരുമാനിച്ച് സീതാറാം യെച്ചൂരിയായത് സുന്ദര രാമ റെഡ്ഡിയില്‍ നിന്ന് പി. സുന്ദരയ്യയായി മാറിയ സിപിഎമ്മിന്റെ ആദ്യ ജനറല്‍ സെക്രട്ടറിയെ മാതൃകയാക്കിയാണ്.
സുന്ദരയ്യക്ക് ശേഷം ആന്ധ്രയില്‍ നിന്ന് സിപിഎം ജനറല്‍ സെക്രട്ടറിയായ നേതാവാണ് യെച്ചൂരി. സിപിഎമ്മിന്റെ അഞ്ചാമത്തെ ജനറല്‍ സെക്രട്ടറിയാണ് യെച്ചൂരി.