കൊച്ചി: താന്‍ 'പ്രോഗ്രസീവ് ഫിലിം മേക്കേഴ്‌സ്' എന്ന കൂട്ടായ്മയുടെ ഭാഗമല്ലെന്നും തന്റെ പേരില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമെന്നും സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി. ക്രിയാത്മകമായ ചലച്ചിത്ര സംവിധായക നിര്‍മാതാക്കളുടെ സ്വതന്ത്ര കൂട്ടായ്മ എന്ന ആശയത്തോട് താന്‍ യോജിക്കുന്നു. എന്നാല്‍ അങ്ങനെയൊരു കൂട്ടായ്മയുടെ ഭാഗമാകാന്‍ ആഗ്രഹിക്കുപ്പോള്‍ അത് ഔദ്യോഗിക അറിയിക്കുമെന്നും അദേഹം വ്യക്തമാക്കി. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ലിജോ ജോസ് പെല്ലിശേരിയുടെ പ്രതികരണം.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
'മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചലച്ചിത്ര കൂട്ടായ്മയില്‍ ഞാന്‍ നിലവില്‍ ഭാഗമല്ല. സുഹൃത്തും സംവിധായകനുമായ ആഷിക് അബു ഇത്തരമൊരു കൂട്ടായ്മയെ കുറിച്ചുള്ള ആശയം ഞാനുമായി പങ്കുവെച്ചിരുന്നു. ക്രീയാത്മകമായ ചലച്ചിത്ര സംവിധായക നിര്‍മാതാക്കളുടെ സ്വതന്ത്ര കൂട്ടായ്മ എന്ന ആശയത്തോട് ഞാന്‍ യോജിക്കുകയും അത്തരത്തിലൊന്നിനെ സ്വാഗതം ചെയ്യുകയും ചെയ്യുന്നു. അങ്ങിനെയൊരു കൂട്ടായ്മയുടെ ഭാഗമാവാന്‍ ഞാന്‍ ആഗ്രഹിക്കുന്ന പക്ഷം അതൊരു ഔദ്യോഗിക അറിയിപ്പായി എന്റെ ഭാഗത്തു നിന്നും ഉണ്ടാകും. അതുവരെ എന്റെ പേരില്‍ പ്രചരിക്കുന്ന ഒന്നും എന്റെ അറിവോടെയല്ല.'
പ്രോഗ്രസീവ് ഫിലിം മേക്കേഴ്‌സ് അസോസിയേഷനില്‍ ഇല്ലെന്ന് ബിനീഷ് ചന്ദ്രയും അറിയിച്ചു. ലിജോ ജോസ് പല്ലിശേരിക്ക് പിന്നാലെയാണ് ബിനീഷ് ചന്ദ്രയുടെയും പ്രതികരണം. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെ ഇക്കാര്യം അറിയിച്ചെന്നും ബിനീഷ് ചന്ദ്ര പറഞ്ഞു. അഞ്ജലി മേനോന്‍, ആഷിക് അബു, ലിജോ ജോസ് പെല്ലിശേരി തുടങ്ങിയവരാണ് സംഘടനാ രൂപീകരണത്തിന്റെ അണിയറയിലുള്ളതെന്നായിരുന്നു പുറത്തുവന്ന വിവരം. സംഘടനാ രൂപീകരണം സംബന്ധിച്ച് സിനിമാ പ്രവര്‍ത്തകര്‍ക്ക് നല്‍കിയ കത്തില്‍ മൂവരുടെയും പേരും ഉണ്ടായിരുന്നു.
സംവിധായകന്‍ ആഷിഖ് അബുവിന്റെ നേതൃത്വത്തിലാണ് മലയാള സിനിമയില്‍ 'പ്രോഗ്രസീവ് ഫിലിം മേക്കേഴ്‌സ്' എന്ന പേരില്‍ പുതിയ സംഘടന വരുന്നത്. സംവിധായിക അഞ്ജലി മേനോന്‍, നടി റീമ കല്ലിങ്കല്‍ തുടങ്ങിയവരും നേതൃനിരയിലുണ്ടെന്നായിരുന്നു വിവരം. തൊഴിലാളികളുടെ ശാക്തീകരണമാണ് സംഘടനയുടെ ലക്ഷ്യം. പുതിയ സിനിമ സംസ്‌കാരം രൂപീകരിക്കുമെന്നും വാഗ്ദാനമുണ്ട്.
സംഘടനയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഉള്‍പ്പെടുന്ന കത്ത് സിനിമ പ്രവര്‍ത്തകര്‍ക്കിടയില്‍ നല്‍കിത്തുടങ്ങിയിട്ടുണ്ട്. തൊഴിലാളികളുടെ അവകാശം സംരക്ഷിക്കുമെന്നും കത്തില്‍ വ്യക്തമാക്കുന്നു.