ആലപ്പുഴ: കേരളത്തിന്റെ ജലോത്സവത്തിന് പുന്നമടക്കായലില്‍ തുടക്കമായി. ചെറു വള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങള്‍ അവസാനിച്ചു. ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന നെഹ്‌റു ട്രോഫി വള്ളംകളി അല്‍പസമയത്തിനകം ആരംഭിക്കും. ഒമ്പത് വിഭാഗങ്ങളിലായി 74 യാനങ്ങളാണ് ഇന്ന് മത്സരിക്കുന്നത്.
ചുണ്ടന്‍ വള്ളങ്ങളുടെ ഹീറ്റ്സും ചെറുവള്ളങ്ങളുടെ ഫൈനലും മാസ് ഡ്രില്ലിന് ശേഷം നടക്കും. ചുണ്ടന്‍ വള്ളങ്ങളുടെ ഫൈനല്‍ വൈകുന്നേരം നാല് മണിക്ക് ശേഷമാണ് നടക്കുക.
ആദ്യ നാല് ഹീറ്റ്സുകളില്‍ നാലു വീതം വള്ളങ്ങളും അഞ്ചാമത്തെ ഹീറ്റ്സില്‍ മൂന്ന് വള്ളങ്ങളുമാണ് മത്സരിക്കുക. ആദ്യമെത്തുന്ന നാല് വള്ളങ്ങളാണ് ഫൈനല്‍ പോരാട്ടത്തിനിറങ്ങുക.
ചെറു വള്ളങ്ങളുടെ എല്ലാ വിഭാഗങ്ങളിലും ഫിനിഷ് ചെയ്യുന്ന സമയം പരിഗണിച്ചാണ് ജേതാക്കളെ തീരുമാനിക്കുന്നത്.വൈകുന്നേരം 5.30 ഓടെ പൂര്‍ത്തിയാകുന്ന വിധത്തിലാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.