ചാലക്കുടി: സിഎൻ ഗ്ലോബൽ മൂവിസിന്റെ ബാനറിൽ ഡോ. ലിസി കെ ഫെർണാണ്ടസ്& ടീം നിർമിക്കുന്ന സ്വർഗം സിനിമയിലെ മൂന്നാമത്തെ ഗാനം റിലിസ് ചെയ്തു. ചാലക്കുടി ഡിവൈൻ ധ്യാനകേന്ദ്രത്തിന്റെ പ്രധാന വേദിയിൽ നടന്ന ചടങ്ങിൽ ഡിവൈൻ ധ്യാന കേന്ദ്രം ഡയറക്‌ടർ ഫാ. ജോർജ് പനക്കലാണ് ഗാനം റിലീസ് ചെയ്തത്. '
സ്നേഹ ചൈതന്യമേ ജീവ സംഗീതമേ' എന്ന ഗാനം ലോകത്തിന്റെ അതിർത്തികൾ വരെ അൾത്താരകളിൽ ആലപിക്കപ്പെടുമെന്ന് ഫാ. ജോർജ് പനക്കൽ പറഞ്ഞു. ഡിവൈൻ ധ്യാനകേന്ദ്രം അസിസ്റ്റന്റ് ഡയറക്ടർ ഫാ. ഷിജോ നെട്ടിയാങ്കൽ വിസിയുടെ പ്രാർത്ഥനയോടെയാണ് പരിപാടി ആരംഭിച്ചത്. പിജെ ആന്റണി, വൈ ഔസേപ്പച്ചൻ എന്നിവർ ആശംസയും ഡേവിസ് കൊച്ചാപ്പി നന്ദിയും പറഞ്ഞു.

ഇസ്രായേലിൻ നാഥനാകും.., ദൈവത്തെ മറന്ന് കുഞ്ഞേ ജീവിക്കരുതേ, ഒന്ന് വിളിച്ചാൽ ഓടി എന്റെ അരികിലെത്തും, പരിശുദ്ധപരമാം ദിവ്യകാരുണ്യമേ, പെറ്റമ്മ മറന്നാലും മറക്കാത്ത സ്നേഹമേ തുടങ്ങിയ ആയിരക്കണക്കിന് ഹിറ്റ് ക്രിസ്തീയ ഭക്തി ഗാനങ്ങൾ രചിച്ച ബേബി ജോൺ കലയന്താനി ഒരുക്കിയ ഗാനത്തിന് ജിന്റോ ജോണും ഡോ. ലിസി കെ ഫെർണാണ്ടസും ചേർന്നാണ് സംഗീതം നൽകിയിരിക്കുന്നത്. 'അത്യന്നതന്റെ മറവിൽ സർവ്വശക്തന്റെ തണലിൽ' എന്ന ജനകോടികളേറ്റുപാടിയ ഗാനം ഡോ. ലിസി കെ ഫെർണാണ്ടസ്, ബേബി ജോൺ, ജിന്റോ ജോൺ കൂട്ടുകെട്ടിൽ ഇറങ്ങിയതാണ്.
സിഎൻ ഗ്ലോബൽ മൂവീസിന്റെ ആദ്യ ചിത്രമായ സ്വർഗത്തിന് വേണ്ടി സന്തോഷ് വർമ, ഹരിനാരായണൻ, ബേബി ജോൺ കലയന്താനി എന്നിവരാണ് ഗാനങ്ങൾ രചിച്ചിരിക്കുന്നത്. ബിജിബാൽ, ജിന്റോ ജോൺ, ഡോ. ലിസി കെ ഫെർണാണ്ടസ് എന്നിവരുടേതാണ് സംഗീതം. പ്രശസ്ത ഗായകരായ വിജയ് യേശുദാസ്, കെ.എസ് ചിത്ര, ഹരിചരൺ, സുദീപ് കുമാർ, സൂരജ് സന്തോഷ്, അന്ന ബേബി എന്നിവരും ഒരുപറ്റം ഗായകരും ചേർന്നാണ് അതിമനോഹരമായ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.
ജോണി ആന്റണി, മഞ്ജു പിള്ള, അജു വർഗീസ്, സിജോയ് വർഗീസ്, വിനീത് തട്ടിൽ, ഉണ്ണി രാജ, അഭിരാം രാധാകൃഷ്ണൻ, രഞ്ജി കാങ്കോൽ, മനോഹരി ജോയ്, തുഷാര പിള്ള, കുടശനാട് കനകം, സൂര്യ, മഞ്ചാടി ജോബി തുടങ്ങിയ വൻ താര നിര തന്നെ ചിത്രത്തിൽ ഉണ്ട്.
പ്രവാസികളുടെയ കൂട്ടായ്മയിൽ രൂപം കൊണ്ട സിഎൻ ഗ്ലോബൽ മുവീസിന്റെ ബാനറിൽ ലിസി കെ ഫെർണാണ്ടസ് & ടീം ആണ് ചിത്രം നിർമ്മിക്കുന്നത്. കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന 'സ്വർഗം' റെജിസ് ആന്റണിയാണ് സംവിധാനം ചെയ്യുന്നത്. ലിസി കെ ഫെർണാണ്ടസിന്റെ കഥക്ക് റെജിസ് ആന്റണിയും റോസ് റെജിസും ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം എസ് ശരവണൻ, എഡിറ്റർ ഡോൺമാക്സ്, ഫിനാൻസ് കൺട്രോളർ ഷിജോ ഡൊമിനിക്. വള്ളുവനാടൻ ഫിലീംസാണ് വിതരണം.