ചെന്നൈ: ചെന്നൈയ്ക്കടുത്ത് കവേരിപേട്ടയിൽ പാസഞ്ചർ തീവണ്ടിയും ചരക്ക് തീവണ്ടിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 19 പേർക്ക് പരിക്കേറ്റു. ഇവരിൽ നാല് പേരുടെ നില ഗുരുതരമാണെന്ന് റെയിൽവേ അറിയിച്ചു. പരിക്കേറ്റവർ ചെന്നൈ ഗവൺമെന്റ് സ്റ്റാൻലി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. തമിഴ്നാട് ഉപ മുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തി സന്ദർശിച്ചു.
ആകെ 1360 യാത്രക്കാരാണ് ട്രെയിനിൽ ഉണ്ടായിരുന്നത്. അപകടത്തെ തുടർന്ന് രണ്ട് ട്രെയിനുകൾ റദ്ദാക്കിയതായും നിരവധി ട്രെയിനുകൾ വഴിതിരിച്ചുവിട്ടതായും ദക്ഷിണ റെയിൽവേ അറിയിച്ചു.
അപകടത്തിൽപ്പെട്ട യാത്രക്കാരുമായി ചെന്നൈ സെൻട്രലിൽ നിന്നും പ്രത്യേക ട്രെയിൻ പുറപ്പെട്ടിട്ടുണ്ട്. ശനിയാഴ്ച പുലർച്ചെ 4.50നാണ് ട്രെയിൻ പുറപ്പെട്ടത്. ട്രെയിനിലുളള മുഴുവൻ യാത്രക്കാർക്കും ഭക്ഷണവും വെള്ളവും ഉറപ്പാക്കിയെന്ന് റെയിൽവെ അറിയിച്ചു.
ചെന്നൈ കവേരിപേട്ടയിൽ വെള്ളിയാഴ്ച രാത്രി മൈസൂരിൽ നിന്ന് ദർഭംഗയിലേക്ക് പോവുകയായിരുന്ന ബാഗ്മതി എക്സ്പ്രസ് (12578) ചരക്ക് വണ്ടിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ 12 കോച്ചുകള്‍ പാളം തെറ്റി. എക്സ്പ്രസ് ട്രെയിനിന്റെ രണ്ട് പാഴ്സൽ കോച്ചുകൾക്ക് തീപിടിച്ചു.