ടെല്‍ അവീവ്: തങ്ങള്‍ക്കെതിരായ ആക്രമണത്തില്‍ ഇസ്രയേലിനെ സഹായിക്കുന്ന അറബ് രാഷ്ട്രങ്ങള്‍ക്കും അമേരിക്കന്‍ സഖ്യ രാജ്യങ്ങള്‍ക്കും മുന്നറിയിപ്പ് നല്‍കി രംഗത്ത് വന്നതിന് പിന്നാലെ ഇറാനെ ഞെട്ടിച്ച് കടുത്ത സൈബര്‍ ആക്രമണം. ഇതോടെ പശ്ചിമേഷ്യന്‍ സംഘര്‍ഷം പുതിയ ഘട്ടത്തിലേക്ക് വഴി മാറി.
ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു ഇറാന്‍ ഭരണ കേന്ദ്രങ്ങളിലടക്കം ശക്തമായ സൈബറാക്രമണം ആരംഭിച്ചത്. വ്യാപകമായ സൈബര്‍ ആക്രമണത്തിന്റെ നാശനഷ്ട തോത് എത്രയെന്ന് ഇതുവരെ അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.
സര്‍ക്കാര്‍ സംവിധാനങ്ങള്‍ താറുമാറായെന്നും ആണവ കേന്ദ്രങ്ങളെ സൈബര്‍ ആക്രമണം ബാധിച്ചതായും സുപ്രധാന രേഖകള്‍ ചോര്‍ത്തപ്പെട്ടാതായും റിപ്പോര്‍ട്ടുകളുണ്ട്. സൈബര്‍ ആക്രമണം നേരിട്ട മേഖലകള്‍ പൂര്‍വ്വ സ്ഥിതിയിലെത്തിക്കാന്‍ ആഴ്ചകളോ മാസങ്ങളോ വേണ്ടി വരും.
ജുഡീഷ്യറി, ലെജിസ്ലേച്ചര്‍, എക്‌സിക്യൂട്ടിവ് തുടങ്ങിയ ഇറാന്‍ സര്‍ക്കാരിന്റെ മൂന്ന് പ്രധാന മേഖലകള്‍ കടുത്ത സൈബര്‍ ആക്രമണത്തിന് വിധേയമാവുകയും സുപ്രധാന വിവരങ്ങള്‍ ചോര്‍ത്തപ്പെടുകയും ചെയ്തതായി ഇറാന്‍ സുപ്രീം കൗണ്‍സില്‍ ഓഫ് സൈബര്‍ സ്‌പേസിന്റെ മുന്‍ സെക്രട്ടറി ഫിറൂസാ ബാദി പറഞ്ഞു.
തങ്ങളുടെ ആണവ നിലയങ്ങള്‍, ഇന്ധന വിതരണം, മുന്‍സിപ്പല്‍ നെറ്റ് വര്‍ക്കുകള്‍, ഗതാഗത ശൃംഖലകള്‍, തുറമുഖങ്ങള്‍ തുടങ്ങിയ സമാന മേഖലകള്‍ ആക്രമികള്‍ ലക്ഷ്യമിടുന്നുണ്ടെന്നും ഫിറൂസാ ബാദി വ്യക്തമാക്കി.
സൈബര്‍ ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഇസ്രയേല്‍ കേന്ദ്രങ്ങളാണെന്ന അഭ്യൂഹങ്ങളുയരുന്നുണ്ടെങ്കിലും ഇതില്‍ സ്ഥിരീകരണമൊന്നുമില്ല. ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തിന് പിന്നാലെ തിരിച്ചടിക്കുമെന്ന് ഇസ്രയേല്‍ വ്യക്തമാക്കിയിരുന്നു.
യാതൊരു വിധ പരിഗണനയുമര്‍ഹിക്കാത്ത, കൃത്യവും ആശ്ചര്യകരവുമായ തിരിച്ചടി ഉടന്‍ ഉണ്ടാകും എന്നാണ് ഇസ്രയേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് യു.എന്‍ സുരക്ഷാ കൗണ്‍സിലില്‍ വെച്ച് പ്രതിജ്ഞ ചെയ്തത്. എന്നാല്‍ ഇതിനെയൊക്കെ നേരിടാനും തിരിച്ചടിക്കാനും തങ്ങള്‍ പൂര്‍ണ സജ്ജമെന്നായിരുന്നു ഇറാന്‍ പ്രതിനിധി ആമിര്‍ സഈദി ഇറാവാണി പറഞ്ഞത്.
ആശ്ചര്യകരമാകും രീതിയിലുള്ള തിരിച്ചടി എന്ന ഇസ്രയേലിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് പുതിയ ഡിജിറ്റല്‍ പോര്‍മുഖം തുറന്നിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. സമാന രീതിയില്‍ ലെബനനില്‍ നേരത്തെ പേജര്‍ ആക്രമണവും വാക്കി ടോക്കി ആക്രമണവും ഇസ്രയേല്‍ നടത്തിയിരുന്നു.
'നമ്മള്‍ പുതിയ പോര്‍മുഖം തുറക്കുകയാണ്. ഇതിന് ധൈര്യവും ദൃഢനിശ്ചയവും കഠിന പ്രയത്‌നവും ആവശ്യമാണ്' എന്ന യോവ് ഗാലന്റിന്റെ സൈനികരോടുള്ള ആഹ്വാനത്തിന് പിന്നാലെയാണ് ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങളില്‍ പേജര്‍, വാക്കിടോക്കി തുടങ്ങിയ ഉപകരണങ്ങള്‍ വ്യാപകമായി പൊട്ടിത്തെറിച്ചത്.