ന്യൂഡല്‍ഹി: കേന്ദ്രത്തിന്റെ ധനസഹായം സ്വീകരിക്കുന്ന മദ്രസകള്‍ കേരളത്തില്‍ ഇല്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദം തള്ളി ദേശീയ ബാലാവകാശ കമ്മീഷന്‍.
കേരളത്തിന്റെ വാദം കള്ളമാണെന്നും അടച്ചില്ലെങ്കില്‍ മറ്റുവഴികള്‍ തേടുമെന്നും കമ്മീഷന്‍ ചെയര്‍മാനായ പ്രിയങ്ക് കനൂന്‍ഗോ പറഞ്ഞു. രാജ്യത്തെ മദ്രസകള്‍ അടപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വര്‍ഷങ്ങള്‍ നീണ്ട പഠനത്തിനൊടുവിലാണ് തീരുമാനത്തിലെത്തിയതെന്നും അദേഹം പറഞ്ഞു.
മദ്രസയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഉടന്‍ തന്നെ സ്‌കൂളുകളിലേക്ക് പോകണം. കേരള സര്‍ക്കാരിന്റെ നയം മുസ്ലിം വിഭാഗത്തെ പ്രീതിപ്പെടുത്താനാണെന്നും രാഷ്ട്രീയ പാര്‍ട്ടികളുടെ ആരോപണങ്ങളോട് പ്രതികരിക്കാനില്ലെന്നും കനൂന്‍ഗോ പറഞ്ഞു. ബാലാവകാശ കമ്മീഷന്റെ പുതിയ നിര്‍ദേശത്തിനെതിരെ രാഷ്ട്രീയ പാര്‍ട്ടികള്‍ വിമര്‍ശനവുമായി രംഗത്തെത്തി.
മദ്രസ സംവിധാനത്തെ തകര്‍ക്കണമെന്നത് സംഘപരിവാര്‍ അജണ്ടയാണെന്നും കേന്ദ്ര ബാലാവകാശ കമ്മീഷന്റെ നിര്‍ദേശങ്ങള്‍ ഭരണഘടനാ വിരുദ്ധമാണെന്നും ഐഎന്‍എല്‍ പ്രതികരിച്ചു. മദ്രസകള്‍ക്കുള്ള ധനസഹായം നിര്‍ത്തലാക്കണമെന്ന നിര്‍ദ്ദേശത്തിനെ സമസ്തയും വിമര്‍ശിച്ചു.
രാജ്യത്ത് പ്രവര്‍ത്തിക്കുന്ന മദ്രസകള്‍ നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട് ദേശീയ ബാലാവകാശ കമ്മീഷന്‍ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തെഴുതിയിരുന്നു. മദ്രസ ബോര്‍ഡുകള്‍ നിര്‍ത്തലാക്കാനും അടച്ചുപൂട്ടാനും മദ്രസകള്‍ക്കും മദ്രസ ബോര്‍ഡുകള്‍ക്കും ധനസഹായം നല്‍കുന്നത് നിര്‍ത്തലാക്കണമെന്നും കത്തില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
മദ്രസകളിലെ വിദ്യാഭ്യാസ രീതി കുട്ടികളുടെ ഭരണഘടനാവകാശങ്ങള്‍ ലംഘിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ബാലാവകാശ കമ്മീഷന്റെ നിര്‍ദേശം.