ഇംഫാല്‍: പ്രധാനമന്ത്രി നരേന്ദ്ര മോഡി ശനിയാഴ്ച മണിപ്പൂര്‍ സന്ദര്‍ശിക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍. സന്ദര്‍ശനത്തിന്റെ മുന്നോടിയായി ഇംഫാലിലും ചുരാചന്ദ്പൂരിലും സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കി. മണിപ്പൂര്‍ കലാപത്തിന് ശേഷമുള്ള മോഡിയുടെ ആദ്യ സന്ദര്‍ശനമാണിത്.
ഇംഫാലിലെ കാംഗ്ല കോട്ടയിലും ചുരാചന്ദ്പൂരിലെ പീസ് ഗ്രൗണ്ടിലുമായിരിക്കും പ്രധാനമന്ത്രിയുടെ പരിപാടികള്‍ നടക്കുകയെന്നാണ് വിവരം. മിസോറാം സന്ദര്‍ശനത്തിന് ശേഷമാണ് മോഡി മണിപ്പൂരില്‍ എത്തുകയെന്നാണ് സൂചന.
സന്ദര്‍ശനവുമായി ബന്ധപ്പെട്ട് നിരവധി മുന്നൊരുക്ക യോഗങ്ങള്‍ സംസ്ഥാനത്ത് നടക്കുന്നുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നും വന്നിട്ടില്ല.
ഭൂരിപക്ഷ സമുദായമായ മെയ്‌തേയിക്കാരെ പട്ടികവര്‍ഗ ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്ന ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് കുക്കി ഗോത്ര വിഭാഗക്കാര്‍ നടത്തിയ പ്രതിഷേധ മാര്‍ച്ച് അക്രമാസക്തമായതോടെയാണ് കലാപം ആരംഭിക്കുന്നത്. പിന്നീടത് മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന വംശീയ ലഹളയായി മാറുകയായിരുന്നു.
സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി പേര്‍ കൊലചെയ്യപ്പെട്ടു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 260 ലേറെപ്പേരാണ് കൊല്ലപ്പെട്ടത്. 60,000 പേര്‍ പലായനം ചെയ്തു. നിരവധി ക്രിസ്ത്യന്‍ ആരാധനാലയങ്ങള്‍ കത്തിച്ചു.
കലാപം നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ട മുഖ്യമന്ത്രി ബിരേന്‍ സിങിന് രാജിവയ്ക്കേണ്ടി വന്നു. പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താന്‍ ബിജെപി ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി.