നടൻ ബാലയ്ക്ക് കർശന ഉപാധികളോടെ ജാമ്യം; മാധ്യമങ്ങളിൽ കേസ് വിവരം പരാമർശിക്കരുതെന്ന് നിർദേശം

നടൻ ബാലയ്ക്ക് കർശന ഉപാധികളോടെ ജാമ്യം; മാധ്യമങ്ങളിൽ കേസ് വിവരം പരാമർശിക്കരുതെന്ന് നിർദേശം

കൊച്ചി: മുൻ ഭാര്യയുടെ പരാതിയിലെടുത്ത കേസിൽ നടൻ ബാലക്ക് ജാമ്യം. എറണാകുളം ഫാസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് നിബന്ധനകളോടെ ജാമ്യം അനുവദിച്ചത്. സമൂഹ മാധ്യമങ്ങളിൽ ഭാര്യക്കും മകൾക്കും എതിരായ പ്രചരണങ്ങൾ നടത്തരുതെന്നും കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാധ്യമങ്ങളുമായി സംസാരിക്കരുതെന്നുമാണ് പ്രധാന ജാമ്യ വ്യവസ്ഥകൾ.

കേസ് കെട്ടിച്ചമച്ചതാണെന്നും ആരോഗ്യപ്രശ്നങ്ങൾ കണക്കിലെടുത്ത് ജാമ്യം നൽകണമെന്നുമാണ് ബാല കോടതിയിൽ വാദിച്ചത്. തുടർന്ന് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. പാലാരിവട്ടത്തെ വീട്ടിൽ നിന്നും ഇന്ന് പുലർച്ചെയാണ് ബാലയെ അറസ്റ്റ് ചെയ്തത്. കടവന്ത്ര പൊലീസാണ് ബാലയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

സോഷ്യൽ മീഡിയയിലൂടെ തന്നെ അപകീർത്തിപ്പെടുത്തിയെന്ന മുൻ ഭാര്യയുടെ പരാതിയിലായിരുന്നു പൊലീസ് നടപടി. മകളുമായി ബന്ധപ്പെട്ട് അടക്കം ബാല നടത്തിയ പരാമർശങ്ങളായിരുന്നു പരാതിക്ക് ആധാരം. ബാല നീതി നിയമപ്രകാരവും ബാലക്കെതിരെ കേസെടുത്തിട്ടുണ്ട്. ബാലയുടെ മാനേജർ രാജേഷ്, സുഹൃത്ത് അനന്തകൃഷ്ണൻ എന്നിവരും കേസിൽ പ്രതികളാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.