ന്യൂഡല്‍ഹി: ജനറല്‍ ആറ്റോമിക്‌സ് നിര്‍മിക്കുന്ന 31 എം.ക്യൂ-9ബി ഹൈ ആള്‍ട്ടിറ്റിയൂഡ് ഡ്രോണുകള്‍ വാങ്ങുന്നതിനായി ഇന്ത്യ അമേരിക്കയുമായി കരാര്‍ ഒപ്പിട്ടു.
ഡെലവെയറില്‍ നടന്ന ക്വാഡ് ലീഡേഴ്സ് ഉച്ചകോടിക്കിടെ ഡ്രോണുകള്‍ വാങ്ങുന്നത് സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും ചര്‍ച്ചകള്‍ നടത്തി ഒരു മാസത്തിനുള്ളിലാണ് കരാര്‍ ഒപ്പിട്ടത്.
ഇന്ത്യയില്‍ മെയിന്റനന്‍സ്, റിപ്പയര്‍, ഓവര്‍ ഹോള്‍ (എംആര്‍ഒ) സൗകര്യം സ്ഥാപിക്കുന്നതിനൊപ്പം 31 പ്രെഡേറ്റര്‍ ഡ്രോണുകള്‍ ഏറ്റെടുക്കുന്നതിന് 32,000 കോടി രൂപയാണ് ചിലവഴിക്കുന്നത്.
പദ്ധതിക്ക് കഴിഞ്ഞയാഴ്ച സുരക്ഷാ കാബിനറ്റ് കമ്മിറ്റി (സിസിഎസ്) അനുമതി നല്‍കി. 15 ഡ്രോണുകള്‍ നേവിയ്ക്കും ബാക്കിയുള്ളവ വ്യോമ സേനയ്ക്കും കരസേനയ്ക്കും ലഭിക്കും.
ചെന്നൈയ്ക്കടുത്തുള്ള ഐഎന്‍എസ് രാജാലി, ഗുജറാത്തിലെ പോര്‍ബന്തര്‍, ഉത്തര്‍പ്രദേശിലെ സര്‍സവ, ഗോരഖ്പൂര്‍ എന്നിവയുള്‍പ്പെടെ സാധ്യമായ നാല് സ്ഥലങ്ങളില്‍ ഇന്ത്യ ഡ്രോണുകള്‍ സ്ഥാപിക്കും. മണിക്കൂറില്‍ 442 കിലോമീറ്റര്‍ വേഗതയില്‍ ഏകദേശം 50,000 അടി ഉയരത്തില്‍ പറക്കാന്‍ ഡ്രോണിന് കഴിയും. ഇത് ഒരു വാണിജ്യ വിമാനത്തേക്കാള്‍ ഉയര്‍ന്നതാണ്.
ഏത് കാലാവസ്ഥയിലും വിപുലമായ ദൗത്യങ്ങള്‍ക്ക് അയക്കാനുള്ള ഡ്രോണിന്റെ ശേഷി മറ്റൊരു ശ്രദ്ധേയമായ സവിശേഷതയാണ്. എയര്‍ ടു എയര്‍ മിസൈലുകള്‍ക്ക് പുറമെ എയര്‍ ടു ഗ്രൗണ്ട് മിസൈലുകളും ഘടിപ്പിക്കാനുള്ള സൗകര്യം ഡ്രോണിലുണ്ട്.
ഇന്ധനം നിറയ്ക്കാതെ 2,000 മൈല്‍ പറക്കാനും 1,700 കിലോഗ്രാം വരെ ചരക്ക് വഹിക്കാനും കഴിയും. അതില്‍ നാല് മിസൈലുകളും 450 കിലോ ബോംബുകളും ഉള്‍പ്പെടുത്താം.