ബഹ്റൈൻ: ചങ്ങനാശേരി അതിരൂപതയിൽപ്പെട്ട കുടുംബങ്ങളിൽ നിന്നും വിവിധ ലോക രാജ്യങ്ങളിൽ പ്രവാസികളായിക്കഴിയുന്നവർക്ക് വേണ്ടിയുള്ള ശുശ്രൂഷാ സംവിധാനമായ പ്രവാസി അപ്പോസ്തോലേറ്റിന്റെ ബഹ്റൈൻൻ ചാപ്റ്റർ അതിരൂപതാ തലവനായ ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം പിതാവിന് ബഹറിനിൽ സ്വീകരണം നൽകി.
തുബ്ലി അദാരി പാർക്കിലെ ന്യൂ സീസൺ ഹാളിൽ പന്ത്രണ്ടാം തീയതി ശനിയാഴ്ച വൈകുന്നേരം സംഘടിപ്പിച്ച ‘ഇടയനോടൊപ്പം’ എന്ന വിപുലമായ ചടങ്ങിലായിരുന്നു സ്വീകരണം. പ്രവാസി അപ്പോസ്തോലേറ്റ് ബഹ്റൈൻ ചാപ്റ്റർ കോർഡിനേറ്റർ ഷിനോയ് പുളിക്കൽ അധ്യക്ഷനായ സ്വീകരണ യോഗത്തിൽ സെക്രട്ടറി ജോസഫ് വി. മാത്യൂസ് സ്വാഗതം അർപ്പിച്ചു.
അതിരൂപതയിലെ കുടുംബങ്ങളുടെ സാന്നിധ്യത്തിലും ഒത്തൊരുമയിലും മാർ ജോസഫ് പെരുന്തോട്ടം സന്തുഷ്ടി പ്രകടിപ്പിച്ചു. പ്രവാസികളായിരിക്കുമ്പോഴും തങ്ങളുടെ സാംസ്കാരികവും ആത്മീയവുമായ പൈതൃകം കാത്തുസൂക്ഷിക്കണമെന്നും മറ്റ് സഭാപാരമ്പര്യങ്ങളോട് സാഹോദര്യം പുലർത്തണമെന്നും ആർച്ച് ബിഷപ്പ് ഉദ്‌ബോധിപ്പിച്ചു.
പ്രവാസികൾ അവർ എത്തിപ്പെടുന്ന രാജ്യങ്ങളിലെ നിയമങ്ങൾ പാലിക്കാനും മറ്റുള്ളവരുടെ അവകാശങ്ങൾ ഹനിക്കാതിരിക്കാനും ശ്രദ്ധിക്കണം. പ്രവാസം ഒരു അനിവാര്യതയാണെന്ന വസ്തുത അംഗീകരിക്കുമ്പോഴും കേരളം ഒരു ഓൾഡ് ഏജ് ഹോം ആയി മാറാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല എന്നും മാർ ജോസഫ് പെരുന്തോട്ടം പറഞ്ഞു.
അവാലി കത്തീഡ്രൽ റെക്ടർ ഫാദർ സജി തോമസ് ആശംസ അർപ്പിച്ചു. റീത്ത് വ്യത്യാസമില്ലാതെ സർവരെയും ആത്മീയതയിൽ ഒരുമിപ്പിക്കുന്ന ബഹറിനിലെ ദേവാലയത്തിനു പുറത്ത് കുടുംബക്കൂട്ടായ്മകൾ ശക്തിപ്പെടുത്തി ആരും അന്യരാകാതെ കാക്കാൻ കഴിഞ്ഞിട്ടുണ്ട് എന്ന് ഫാദർ സജി തോമസ് പറഞ്ഞു. അതിന്റെ തുടർച്ച എന്ന നിലയിൽ ചങ്ങനാശേരി അതിരൂപതയിൽപ്പെട്ടവരുടെ കൂട്ടായ്മയും ശക്തിപ്പെടട്ടെ എന്നും അദ്ദേഹം ആശംസിച്ചു. ജി സി സി കമ്മിറ്റിയെ പ്രതിനിധീകരിച്ച് ശ്രീ സബീൻ കുര്യാക്കോസ് ആശംസയർപ്പിച്ചു.
ബഹറിൻ മീഡിയസിറ്റി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, സീറോ മലബാർ സൊസൈറ്റി പ്രസിഡണ്ട് ശ്രീ ഷാജൻ സെബാസ്റ്റ്യൻ മുൻ പ്രസിഡണ്ടുമാരായ ചാൾസ് ആലുക്ക, പോൾ ഉറുവത്ത് എന്നിവർ സംബന്ധിച്ച ചടങ്ങിന് അതിരൂപതാംഗങ്ങളുടെ വിവിധ കലാപ്രകടനങ്ങൾ കൊഴുപ്പേകി. ചടങ്ങിൽ അസി. കോഓർഡിനേറ്റർ ബിജു പി.ജോസഫ് നന്ദിയർപ്പിച്ചു. പരിപാടികൾക്ക് പ്രിൻസ് ജേക്കബ്, സന്ദീപ് ജോൺ ,അജീഷ് മണിമല, ജ്യോതിഷ് ജെയിംസ്, ലിബിൻ ജിബി ജോബി ജോസഫ്, ഷൈനി ദേവസി, ജിമ്മിച്ചൻ കാവാലം, ജിബി അലക്സ്, മോൻസി മാത്യു,സിബു ജോർജ്,ലിജിൻ ജയ്മോൻ എന്നിവർ നേതൃത്വം നൽകി.