വഖഫ് ഭേദഗതി ബിൽ: സംയുക്ത പാർലമെന്ററി യോഗത്തിൽ എംപിമാർ തമ്മിൽ വാക്‌പോര്; ചില്ലുകുപ്പി മേശയിൽ എറിഞ്ഞുടച്ച് കല്യാൺ ബാനർജി

വഖഫ് ഭേദഗതി ബിൽ: സംയുക്ത പാർലമെന്ററി യോഗത്തിൽ എംപിമാർ തമ്മിൽ വാക്‌പോര്; ചില്ലുകുപ്പി മേശയിൽ എറിഞ്ഞുടച്ച് കല്യാൺ ബാനർജി

ന്യൂഡൽഹി : വഖ്ഫ് നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട സംയുക്ത പാർലമെന്ററി സമിതി യോഗത്തിൽ വാക്കുതർക്കം. തൃണമൂൽ കോൺഗ്രസ് എംപി കല്യാൺ ബാനർജിയും ബിജെപി എംപി അഭിജിത്ത് ഗാംഗുലിയും തമ്മിലാണ് തർക്കമുണ്ടായത്. തർക്കത്തിനിടെ മേശപ്പുറത്തിരുന്ന ഗ്ലാസ് വെള്ളക്കുപ്പിയെടുത്ത് മേശയിൽ അടിച്ച കല്യാൺ ബാനർജിയുടെ കൈക്ക് മുറിവേറ്റു.

കല്യാൺ ബാനർജിയുടെ തള്ളവിരലിനും ചൂണ്ടുവിരലിനും പരിക്കേറ്റതിനെ തുടർന്ന് പ്രഥമശുശ്രൂഷ നൽകി. സംഭവങ്ങളെ തുടർന്ന് അച്ചടക്കമില്ലാത്ത പെരുമാറ്റത്തിന് കല്യാൺ ബാനർജിയെ ജെപിസി യോഗത്തിൽനിന്ന് ഒരു ദിവസത്തേക്ക് സസ്പെൻഡ് ചെയ്തു.

ബിജെപിയുടെ ജഗദാംബിക പാൽ അധ്യക്ഷയായ സമിതി, വഖഫ് ബില്ലിൽ വിരമിച്ച ജഡ്ജിമാരുടെയും അഭിഭാഷകരുടെയും അഭിപ്രായം കേൾക്കുന്നതിനിടെയാണ് തർക്കമുണ്ടായത്. കഴിഞ്ഞ ദിവസം നടന്ന സംയുക്ത പാർലമെന്റ് കമ്മിറ്റി യോഗത്തിലും പ്രതിപക്ഷ നേതാക്കൾ കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തെ ചോദ്യം ചെയ്തിരുന്നു. ബിൽ തയാറാക്കാൻ നടത്തിയ കൂടിയാലോചനകൾ സംബന്ധിച്ച് യാതൊരു രേഖകളും ന്യൂനപക്ഷ മന്ത്രാലയത്തിന്റെ പക്കലുണ്ടായിരുന്നില്ല എന്നതാണ് പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്.

മന്ത്രാലയം സമർപ്പിച്ച രേഖകൾ പ്രകാരം, ന്യൂനപക്ഷകാര്യ മന്ത്രാലയത്തിലെയും നീതിന്യായ മന്ത്രാലയത്തിലെയും 12 ഉദ്യോഗസ്ഥർ ചേർന്നാണ് വഖഫ് ബിൽ തയാറാക്കിയത്. നാല് ഉപദേശക കമ്മിറ്റി യോഗങ്ങളും 2023 ജൂൺ 13 നും നവംബർ ഏഴിന് ഡൽഹിയിലും നടന്ന യോഗങ്ങളിൽ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും വഖഫ് ബോർഡുകളുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർമാരും പങ്കെടുത്തിരുന്നു.

കൂടാതെ മറ്റ് രണ്ട് കൂടിയാലോചനകൾക്ക് പൊതുജനങ്ങളെയും വിളിച്ചിട്ടുണ്ടെന്നും മന്ത്രാലയം അവകാശപ്പെട്ടിരുന്നു. എന്നാൽ ഇതുസംബന്ധിക്കുന്ന വ്യക്തമായ രേഖകൾ അവതരിപ്പിക്കാൻ മന്ത്രാലയത്തിനായിട്ടില്ല എന്ന് പ്രതിപക്ഷം പറഞ്ഞു. അതേസമയം, പ്രതിപക്ഷാംഗങ്ങളും ബിജെപി എംപിയുമായ തേജസ്വി സൂര്യ നൽകിയ പരാതിയിൽ ലോക്‌സഭാ സ്പീക്കർ ഓം ബിർള ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.