ന്യൂഡല്‍ഹി: അതിര്‍ത്തി മേഖലകളില്‍ സൈനിക പിന്മാറ്റം നടപ്പാക്കാനുള്ള ഇന്ത്യ-ചൈന തീരുമാനത്തെ സ്വാഗതം ചെയ്ത് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ്. അമേരിക്ക സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണെന്നും വിഷയത്തില്‍ ഇന്ത്യയുമായി ചര്‍ച്ചകള്‍ നടത്തിയെന്നും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് മാത്യു മില്ലര്‍ പറഞ്ഞു.
ഇന്ത്യയുടേയും ചൈനയുടേയും അതിര്‍ത്തി മേഖലകളില്‍ നടക്കുന്ന സംഭവ വികാസങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണ്. യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ നിന്ന് സൈനികരെ പിന്‍വലിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നാണ് മനസിലാക്കുന്നത്. അതിര്‍ത്തിയില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങളെ സ്വാഗതം ചെയ്യുന്നു. ഈ വിഷയത്തില്‍ ഇന്ത്യയുടെ നയതന്ത്ര ഉദ്യോഗസ്ഥരുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍ സൈനിക പിന്മാറ്റവുമായി ബന്ധപ്പെട്ട് ഇടപെടലുകള്‍ നടത്തിയിട്ടില്ലെന്നും മാത്യു മില്ലര്‍ വ്യക്തമാക്കി.
അതേസമയം കിഴക്കന്‍ ലഡാക്ക് മേഖലയിലുള്ള ദെപ്സാങ്, ഡെംചോക്ക് എന്നിവിടങ്ങളിലെ സൈനിക പിന്മാറ്റം ഏതാണ്ട് പൂര്‍ണമായതായി പ്രതിരോധ വൃത്തങ്ങള്‍ അറിയിച്ചു. ഈ പ്രദേശങ്ങളിലുണ്ടായിരുന്ന അടിസ്ഥാന സൗകര്യങ്ങളടക്കം ഇരുപക്ഷത്ത് നിന്നുമുള്ള സൈനികര്‍ നീക്കം ചെയ്തിട്ടുണ്ട്. ഇരുവിഭാവും പരസ്പരം ഇത് പരിശോധിച്ച് വരികയാണ്.
2020 ല്‍ ചൈനീസ് പക്ഷത്ത് നിന്ന് ആക്രമണം ഉണ്ടാകുന്നതിന് മുന്‍പുള്ള സ്ഥിതി പുനസ്ഥാപിക്കുകയാണ് ലക്ഷ്യം.