മുംബൈ: ടാറ്റ ഗ്രൂപ്പും സിങ്കപ്പൂര്‍ എയര്‍ലൈന്‍സും ചേര്‍ന്നുള്ള ജനപ്രിയ വ്യോമയാന ബ്രാന്‍ഡായ വിസ്താര സര്‍വീസ് അവസാനിപ്പിക്കുന്നു. വിസ്താരയും എയര്‍ ഇന്ത്യയും തമ്മിലുള്ള ലയനം പൂര്‍ത്തിയാകുന്ന തിങ്കളാഴ്ച വിസ്താരയുടെ അവസാന സര്‍വീസ് പറന്നിറങ്ങും. ചൊവ്വാഴ്ച മുതല്‍ ടാറ്റ ഗ്രൂപ്പിന് കീഴില്‍ എയര്‍ ഇന്ത്യ എന്ന ബ്രാന്‍ഡില്‍ മാത്രമാകും സേവനങ്ങള്‍ ഉണ്ടാകുക.
ലയനത്തോടെ 61.3 ശതമാനം വിപണി വിഹിതമുള്ള ഇന്‍ഡിഗോയും 28.9 ശതമാനം വിപണി വിഹിതമുള്ള ടാറ്റ ഗ്രൂപ്പുമാകും ഇന്ത്യന്‍ വ്യോമയാന വിപണിയെ നിയന്ത്രിക്കുക.
ലയനം പൂര്‍ത്തിയാകുന്നതോടെ ടാറ്റ ഗ്രൂപ്പിന് കീഴില്‍ ഫുള്‍ സര്‍വീസ് കമ്പനിയായി എയര്‍ ഇന്ത്യ, നിരക്ക് കുറഞ്ഞ വിമാനക്കമ്പനിയായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് എന്നിങ്ങനെ രണ്ട് ബ്രാന്‍ഡുകള്‍ മാത്രമാണ് അവശേഷിക്കുക. വിസ്താരയെ എയര്‍ ഇന്ത്യയിലും എ.ഐ.എക്‌സ് കണക്ടിനെ (പഴയ എയര്‍ ഏഷ്യ ഇന്ത്യ) എയര്‍ ഇന്ത്യ എക്‌സ്പ്രസിലുമാണ് ലയിപ്പിക്കുന്നത്. എയര്‍ ഇന്ത്യ എക്‌സ്പ്രസ് ലയനം കഴിഞ്ഞ മാസം പൂര്‍ത്തിയായിരുന്നു.
അതേസമയം പാപ്പരത്ത നടപടി നേരിടുന്ന ഗോ ഫസ്റ്റും ജെറ്റ് എയര്‍വേസും ലിക്വിഡേഷനിലേക്ക് കടക്കുകയാണ്. ഇന്‍ഡിഗോയ്ക്ക് 413 വിമാനങ്ങളാണ് സേവനത്തിനുള്ളത്. ടാറ്റ ഗ്രൂപ്പിന് 300 എണ്ണവും.
ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് അതേ റൂട്ടില്‍ നേരത്തേ സര്‍വീസ് നടത്തുന്ന മറ്റ് വിമാനങ്ങളില്‍ യാത്ര ചെയ്യാന്‍ സൗകര്യവുമായി എയര്‍ ഇന്ത്യയുടെ ഫ്‌ളൈ പ്രയര്‍ പദ്ധതിയും വരുന്നുണ്ട്. ബുക്ക് ചെയ്ത വിമാനത്തിന് പകരം അതേദിവസം തന്നെ 12 മണിക്കൂര്‍ വരെ നേരത്തേ പോകുന്ന വിമാനങ്ങളില്‍ ലഭ്യതയ്ക്കനുസരിച്ചാകും സീറ്റ് മാറ്റി നല്‍കുക. മെട്രോ നഗരങ്ങള്‍ക്കും ഹൈദരാബാദ്, അഹമ്മദാബാദ്, പൂനെ നഗരങ്ങള്‍ക്കുമിടയിലുള്ള സര്‍വീസുകള്‍ക്ക് 2,199 രൂപയും മറ്റു റൂട്ടുകളില്‍ 1,499 രൂപയുമാകും ഇതിനുള്ള സേവന നിരക്ക്. എയര്‍ ഇന്ത്യ ഫ്‌ളൈയിങ് റിട്ടേണ്‍ പദ്ധതിയിലെ ഗോള്‍ഡ്, പ്ലാറ്റിനം അംഗങ്ങള്‍ക്ക് സേവനം സൗജന്യമായിരിക്കും.
ചെറുനഗരങ്ങളെ ബന്ധിപ്പിച്ച് സര്‍വീസുകള്‍ കൂട്ടുന്നതിനൊപ്പം കൂടുതല്‍ വിദേശ കേന്ദ്രങ്ങളിലേക്ക് സേവനം വ്യാപിപ്പിക്കാനും പദ്ധതിയൊരുക്കുന്നുണ്ട് എയര്‍ ഇന്ത്യ എക്സ്പ്രസ്. എ.ഐ.എക്സ് കണക്ട് (എയര്‍ ഏഷ്യ ഇന്ത്യ) ലയനം പൂര്‍ത്തിയാക്കിയതോടെ 90 വിമാനങ്ങളാണ് എയര്‍ ഇന്ത്യ എക്സ്പ്രസിന് സ്വന്തമായി ഉള്ളത്. ഈ സാമ്പത്തിക വര്‍ഷം അവസാനത്തോടെ ഇത് 110 ആകുമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് മാനേജിങ് ഡയറക്ടര്‍ അലോക് സിങ് വ്യക്തമാക്കി.
ബാങ്കോക്ക്, ഫുക്കറ്റ് ഉള്‍പ്പെടെയുള്ള വിദേശ നഗരങ്ങളിലേക്കാണ് ഉടന്‍ സര്‍വീസ് ആരംഭിക്കുക. ടിയര്‍ 2, ടിയര്‍ 8 നഗരങ്ങളില്‍ നിന്ന് ഗള്‍ഫ്, മിഡില്‍ ഈസ്റ്റ്, തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്കും കൂടുതല്‍ സര്‍വീസുകള്‍ തുടങ്ങും. ബാങ്കോക്കിലേക്ക് ടിയര്‍ 2 നഗരങ്ങളില്‍ നിന്നാകും സര്‍വീസുകള്‍. ഫുക്കറ്റിലേക്ക് മെട്രോ നഗരങ്ങളില്‍ നിന്നും. കൂടാതെ മലേഷ്യ, ഹോങ് കോങ് എന്നിവയ്ക്കുപുറമേ ചില കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലേക്കും സര്‍വീസ് പരിഗണിക്കുന്നതായും അലോക് സിങ് അറിയിച്ചു.