'കുട്ടി കുടിയന്‍മാര്‍ കൂടുന്നു'; മദ്യം വാങ്ങുന്നവരുടെ പ്രായം പരിശോധിക്കാന്‍ പ്രോട്ടോകോള്‍ രൂപവല്‍കരിക്കണം: ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ്

'കുട്ടി കുടിയന്‍മാര്‍ കൂടുന്നു'; മദ്യം വാങ്ങുന്നവരുടെ പ്രായം പരിശോധിക്കാന്‍ പ്രോട്ടോകോള്‍ രൂപവല്‍കരിക്കണം: ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ്

ന്യൂഡല്‍ഹി: രാജ്യത്തെ മദ്യഷോപ്പുകള്‍, ബാറുകള്‍, പബുകള്‍ എന്നിവിടങ്ങളില്‍ നിന്ന് മദ്യം വാങ്ങുന്നവരുടെ പ്രായം പരിശോധിക്കാന്‍ പ്രോട്ടോകോള്‍ രൂപവല്‍കരിക്കണമെന്ന ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസ്. ജസ്റ്റിസുമാരായ ബി.ആര്‍. ഗവായ്, കെ.വി. വിശ്വനാഥന്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് ആണ് നോട്ടീസ് അയച്ചത്.

കമ്യൂണിറ്റി എഗന്‍സ്റ്റ് ഡ്രങ്കന്‍ ഡ്രൈവിങ് എന്ന സന്നദ്ധ സംഘടനയാണ് മദ്യം വാങ്ങുന്നവരുടെ പ്രായം പരിശോധിക്കാന്‍ പ്രോട്ടോകോള്‍ രൂപവല്‍കരിക്കണമെന്ന ആവശ്യവുമായി സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്.

സര്‍ക്കാറിന്റെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ പരിശോധിച്ച് പ്രായം ഉറപ്പ് വരുത്തിയ ശേഷമേ മദ്യം നല്‍കാവൂ എന്നാണ് സംഘടനയുടെ ആവശ്യം. സീനിയര്‍ അഭിഭാഷകന്‍ പി.ബി സുരേഷ്, അഭിഭാഷകന്‍ വിപിന്‍ നായര്‍ എന്നിവരാണ് സംഘടനക്കു വേണ്ടി ഹാജരായത്.

രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ മദ്യപാനത്തിനുള്ള കുറഞ്ഞ പ്രായം വ്യത്യസ്തമാണ്. കേരളത്തില്‍ മദ്യപാനത്തിനുള്ള കുറഞ്ഞ പ്രായം 23 വയസാണ്. ഗോവ, കര്‍ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ 18 വയസ് കഴിഞ്ഞാല്‍ മദ്യപാനം ആകാം. അതേസമയം ഡല്‍ഹി, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ മദ്യപാനത്തിനുള്ള കുറഞ്ഞ പ്രായം 25 വയസ് ആണ്.

വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസ്ത പ്രായപരിധി ആയതിനാല്‍ തന്നെ പ്രായം സംബന്ധിച്ച ഒരു പരിശോധനയും കൂടാതെയാണ് മദ്യ ഷോപ്പുകള്‍, ബാറുകള്‍, പബുകള്‍ എന്നിവിടങ്ങളില്‍ മദ്യ വില്‍പ്പന എന്നാണ് ഹര്‍ജിക്കാരുടെ വാദം.

വിദേശ രാജ്യങ്ങളില്‍ കുട്ടികള്‍ക്ക് മദ്യം വില്‍ക്കുന്നവര്‍ക്ക് കനത്ത ശിക്ഷയാണെന്നും ഇന്ത്യയില്‍ ആ രീതിയില്‍ നയം രൂപവല്‍കരിച്ച് ശിക്ഷ ഉറപ്പാക്കണമെന്നും അഭിഭാഷകര്‍ കോടതിയില്‍ ആവശ്യപ്പെട്ടു.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.