ന്യൂഡല്‍ഹി: കേന്ദ്ര ന്യൂനപക്ഷ പാര്‍ലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജുവുമായി കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) സംഘം കൂടിക്കാഴ്ച നടത്തി.
ന്യൂഡല്‍ഹിയില്‍ റിജിജുവിന്റെ വസതിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ സിബിസിഐ ഡെപ്യൂട്ടി സെക്രട്ടി ജനറല്‍ റവ.ഡോ. മാത്യു കോയിക്കല്‍, പിന്നാക്ക, ദളിത് വിഭാഗങ്ങളുടെ ഉന്നമന കാര്യാലയ സെക്രട്ടറി ഫാ. വിജയ് നായക് സി.എം എന്നിവര്‍ പങ്കെടുത്തു.
രാജ്യത്തെ ക്രൈസ്തവര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍, ദളിത് പിന്നാക്ക വിഭാഗങ്ങളുടെ പ്രശ്നങ്ങള്‍, ക്രൈസ്തവ വിദ്യാര്‍ഥികളുടെ സ്‌കോളര്‍ഷിപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ തുടങ്ങിയവ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതായി റവ.ഡോ. മാത്യു കോയിക്കല്‍ പറഞ്ഞു.
കേരളത്തിലെ മുനമ്പം വഖഫ് ഭൂമി പ്രശ്നവും ക്രിസ്തീയ വിഭാഗങ്ങള്‍ക്ക് പരിരക്ഷയും അവകാശങ്ങളും ലഭ്യമാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും സംഘം കേന്ദ്ര മന്ത്രിയോടാവശ്യപ്പെട്ടു.
വഖഫ് ഭൂമി പ്രശ്‌നത്തില്‍ മുനമ്പത്തെ ജനങ്ങള്‍ക്ക് വീടുവിട്ട് ഇറങ്ങിപ്പോകേണ്ടി വരില്ലെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു നേരത്തെ വ്യക്തമാക്കിയിരുന്നു. കേരളത്തില്‍ നടക്കുന്ന വിഷയത്തെ കേന്ദ്രം വളരെ ഗൗരവത്തോടെ കാണുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.
നീതി ഉറപ്പാക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഒരു വിഭാഗത്തിനെതിരെയുള്ള നീക്കമല്ല ഇതെന്നും അദേഹം പറഞ്ഞു. കേരള സര്‍ക്കാര്‍ വിഷയത്തില്‍ രാഷ്ട്രീയം കളിക്കുകയാണ്. മുനമ്പത്തിന് നീതി കിട്ടിയിരിക്കും. വഖഫ് നിയമ ഭേദഗതി പാസാകുന്നതോടെ ഇത്തരം പ്രതിസന്ധികള്‍ ഇല്ലാതാകുമെന്നും റിജിജു പറഞ്ഞു.